കൗൺസിലറുടെ കൊലപാതകം: പൊലീസ് തന്ത്രം വിജയിച്ചു, നാല് ദിവസംകൊണ്ട് പ്രതികൾ മുഴുവൻ വലയിൽ
text_fieldsമഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലുദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടാനായത് പൊലീസിന്റെ അന്വേഷണ മികവ്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും പ്രതികളുടെ സുഹൃത്തുക്കളെ ഉപയോഗിച്ചും വേഗത്തിൽതന്നെ കേസിലകപ്പെട്ട മൂന്ന് പ്രതികളെയും പിടികൂടാനായി.
സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു ഇത്. കൃത്യം നടന്ന ചൊവ്വാഴ്ച തന്നെ പ്രതികളെക്കുറിച്ച് പൊലീസിനെ സൂചന ലഭിച്ചിരുന്നു. കൗൺസിലർ മരിച്ച് പിറ്റേദിവസം തന്നെ കേസിലകപ്പെട്ട രണ്ട് പ്രതികളെയും പിടികൂടി. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (26) എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.
ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ശനിയാഴ്ച മുഖ്യപ്രതിയെയും പിടികൂടി പൊലീസ് മികവ് തെളിയിച്ചു. നെല്ലിക്കുത്ത് ഞാറ്റുപോയിൽ ഷുഹൈബ് എന്ന കൊച്ചുവിനെ (28) ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പിടികൂടിയത്.
കൃത്യം നടന്ന രാത്രി 12.45 മുതൽ ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നു. എന്നാൽ, ഇയാളുടെ തന്നെ സുഹൃത്തുക്കളെ ഉപയോഗിച്ച് പൊലീസ് തന്ത്രം മെനഞ്ഞതോടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു.
സി.ഐ ഉൾപ്പെടെ നാലുപേർ ചെന്നൈയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ട്രെയിൻ മാർഗം രക്ഷപ്പെട്ടെന്ന വിവരം ലഭിച്ചതോടെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഇതിനിടെ ഷൊർണൂരിൽനിന്നും ചെന്നൈയിലേക്ക് ടിക്കറ്റെടുത്തെന്ന് മനസ്സിലായതോടെ പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. മൂന്നുപേരും റിമാൻഡിലാണ്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.