കോടതി കെട്ടിട സമുച്ചയം: ഡിസംബർ പകുതിയോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ്
text_fieldsമഞ്ചേരി: കോടതി സമുച്ചയ നിർമാണം ഡിസംബർ പകുതിയോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഇന്നലെ ചേർന്ന ഏറനാട് താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം നിർമാണം നിലച്ചിരുന്നു. പിന്നീട് മൂന്ന് കോടി രൂപ അനുവദിച്ചാണ് പ്രവൃത്തി പുനരാരംഭിച്ചത്.
നിലവിൽ ചുറ്റുമതിലിന്റെ പ്രവൃത്തി നടന്നുവരികയാണ്. നിർമാണം പൂർത്തിയാകുന്നതോടെ വാടക കെട്ടിടങ്ങളിൽ പ്രവൃത്തിക്കുന്ന കോടതികൾ ഒരു സമുച്ചയത്തിലാകും. ഇത് പരാതിക്കാർക്കും അഭിഭാഷകർക്കും ആശ്വാസമാകും. മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രാത്രി സമയങ്ങളിൽ വനിത പൊലീസ് ഓഫിസർമാരില്ലാത്ത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും രാത്രി സമയങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകളെ റെസ്ക്യൂ ചെയ്യുന്നതിനായി ഐ.സി.ഡി.എസ് അധികൃതർ മുൻകൈയെടുക്കേണ്ടി വരുന്നതായും തൃക്കലങ്ങോട് സൂപ്പർവൈസർ ബോധിപ്പിച്ചു.
മഞ്ചേരി മെഡിക്കൽ കോളജിൽ രാത്രി സമയത്ത് സ്കാനിങ് വിഭാഗത്തിൽ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സർട്ടിഫിക്കറ്റ് കൊടുക്കാൻ സാധിക്കുന്നില്ലെന്നും ഇത് പ്രയാസം സൃഷ്ടിക്കുന്നതായും വികസന സമിതി അംഗം പരാതിപ്പെട്ടു. ഒരു വർഷത്തിലധികമായി ജില്ല സ്റ്റാമ്പ് ഡിപ്പോ ഓഫിസിൽ വെള്ളം ലഭിക്കുന്നില്ലെന്നും നിരവധി തവണ വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയെങ്കിലും നടപടി ഇല്ലെന്നും അധികൃതർ പറഞ്ഞു. റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതുമായി ബന്ധപ്പെട്ട് 1300 ഓളം അപേക്ഷകൾ സ്വീകരിച്ചതായും ഇതിൽ 982 അർഹരായവരെ കണ്ടെത്തിയതായും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
നവംബർ മാസത്തിൽ പ്രത്യേക ഷവർമ സ്ക്വാഡ് പരിശോധന നടത്തിയതിൽ എട്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും നാല് സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിക്കുകയും ചെയ്തതായി മഞ്ചേരി ഫുഡ് ഇൻസ്പെക്ടർ അറിയിച്ചു. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരീസ് കപൂർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പുലിയോടൻ മുഹമ്മദ്, നൗഷാദ് മണ്ണിശ്ശേരി, സന്തോഷ് പറപ്പർ, കെ.പി.എ. നസീർ എൻ.പി. മോഹൻരാജ്, സി.ടി. രാജു, വല്ലാഞ്ചിറ നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.