കച്ചേരിപ്പടി ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടം ഒഴിയണമെന്ന കോടതി വിധി നടപ്പായില്ല
text_fieldsമഞ്ചേരി: കച്ചേരിപ്പടിയിലെ ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടം ഒഴിഞ്ഞ് കൊടുക്കണമെന്ന കോടതി വിധി നടപ്പായില്ല. ചൊവ്വാഴ്ച കോടതി ജീവനക്കാർ പോസ്റ്റ് ഓഫിസിലെത്തി കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. കെട്ടിടം ഉടമകൾക്ക് കൈമാറിയില്ലെന്ന റിപ്പോർട്ട് കോടതി ജീവനക്കാർ മുൻസിഫ് കോടതിയിൽ സമർപ്പിച്ചു.
ഈ റിപ്പോർട്ട് ബുധനാഴ്ച കോടതി പരിശോധിക്കും. കെട്ടിടം ഒഴിഞ്ഞ് നല്‍കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. എട്ടുമാസം മുമ്പായിരുന്നു വിധി. ഇതിനെതിരെ പോസ്റ്റല്‍ വകുപ്പ് വീണ്ടും ഹൈകോടതിയെ സമീപിച്ച് ആറുമാസത്തേക്ക് സ്റ്റേ നേടി. എന്നാല്‍ ഈ സമയത്തിനിടയിലും കെട്ടിടം മാറാന്‍ വകുപ്പിനായില്ല.
തുടര്‍ന്ന് കോടതി വിധി നടപ്പാക്കാനായി രണ്ടുമാസത്തേക്ക് കൂടി സ്റ്റേ ലഭിച്ചു. ഈ സ്റ്റേ കാലാവധി ഫെബ്രുവരി 28ന് വൈകീട്ട് അഞ്ചിന് അവസാനിക്കാനിരിക്കെ ചൊവ്വാഴ്ച കോടതിയില്‍നിന്നും ആമീന്റെ നേതൃത്വത്തിലെത്തിയ സംഘം കെട്ടിടം ഒഴിയാനാവശ്യപ്പെട്ടു. മഞ്ചേരി നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടം താപാല്‍ ഓഫിസിനായി വിട്ടുനല്‍കാന്‍ തീരുമാനമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ കെട്ടിടത്തിലെ പഴയഫയലുകളും മേശകളും മറ്റും മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍ അവശേഷിക്കുന്നതിനാല്‍ 28ന് മുമ്പ് മാറാനുള്ള ശ്രമം വിഫലമായി.
തുടര്‍ന്ന് കെട്ടിടമുടമകളും തപാല്‍ ജീവനക്കാരും കോടതി ഉദ്യോഗസ്ഥരും നടന്ന ചര്‍ച്ചയില്‍ പുതിയകെട്ടിടം സജ്ജമാകാത്തതും നിലവിലെ കെട്ടിടത്തിലെ കമ്പ്യൂട്ടര്‍ സര്‍വറും ട്രഷറി ലോക്കറും മാറ്റുന്നതു സംബന്ധിച്ചുള്ള സാങ്കേതിക പ്രയാസവും ചൂണ്ടിക്കാട്ടിയ പോസ്റ്റല്‍ സൂപ്രണ്ട് ശ്രീരാജ് കെട്ടിടമുടമകളോട് 10 ദിവസത്തേക്ക് കൂടി സമയം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ഏറെ നേരം വാഗ്വാദങ്ങളുണ്ടായെങ്കിലും കെട്ടിടമൊഴിപ്പിക്കല് നടന്നില്ല. കമ്പ്യൂട്ടര്‍ സര്‍വറിലെ ഡാറ്റ നഷ്ടപ്പെടുത്താതെ മാറ്റണമെങ്കില്‍ ബന്ധപ്പെട്ട സര്‍ട്ടിഫൈഡ് ടെക്നീഷ്യന് തന്നെ എത്തേണ്ടി വരും.
ട്രഷറി ലോക്കര്‍ മാറ്റുന്നതിന് ലേസര്‍ കട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും വിദഗ്ധ തൊഴിലാളികളും ആവശ്യമാണ്. മറ്റുസാധനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് എത്തിക്കുന്നതിന് ഒന്നരലക്ഷം രൂപയാണ് ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 10 ദിവസത്തെ സമയം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഉടമകൾ അംഗീകരിച്ചില്ലെന്നാണ് വിവരം. ഓഫിസിൽ മാറ്റാനുള്ള സാധനങ്ങളുടെ പാക്കിങ് ചൊവ്വാഴ്ച ആരംഭിച്ചു.
തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നഗരസഭ കാര്യാലയത്തിലെത്തി എത്രയും പെട്ടെന്ന് പുതിയ കെട്ടിടം കൈമാറണമെന്ന് നഗരസഭാധ്യക്ഷയോടും മുനിസിപ്പല്‍ സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. പെയിന്റിങ് ജോലി പൂർത്തിയാക്കി ഉടൻ കെട്ടിടം കൈമാറാമെന്നാണ് നഗരസഭ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.