കോവിഡ്: സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നവർക്ക് അവിടെ തന്നെ ചികിത്സ
text_fieldsമഞ്ചേരി: സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് കോവിഡ് ബാധിച്ചാൽ അതത് കേന്ദ്രത്തിൽ തന്നെ ചികിത്സ നൽകണമെന്ന നിർദേശം കർശനമാക്കുന്നു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് നേരത്തെയുള്ള ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് കർശനമാക്കുന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന രണ്ട് പേർക്ക് കോവിഡ് ബാധിച്ചതിനാൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ ചികിത്സ നൽകാനാവില്ലെന്ന് കാണിച്ച് മടക്കി അയച്ചു. ഡയാലിസിസിന് വിധേയമാകുന്ന ഗുരുതരമല്ലാത്ത രോഗികളെയാണ് മടക്കി അയക്കുന്നത്. എന്നാൽ ഇതിനോടൊപ്പം ഗുരുതരമായ മറ്റുരോഗങ്ങൾ കൂടി ഉണ്ടെങ്കിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
നേരത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ നിർദേശം കർശനമാക്കിയിരുന്നില്ല. കോവിഡ് രോഗികൾ കുറഞ്ഞ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് രോഗം ബാധിച്ചാൽ സർക്കാർ ആശുപത്രികളിൽ എത്തിക്കാറുണ്ടായിരുന്നു. അന്ന് രോഗികളെ സ്വീകരിച്ചിരുന്നെങ്കിലും നിലവിൽ രോഗികളുടെ എണ്ണം കൂടിയതോടെയാണ് നിർദേശം കർശനമാക്കുന്നത്. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് കോവിഡ് ബാധിച്ചാലും ഇല്ലെങ്കിലും ഡയാലിസിസ് സെൻററുകളിലും സ്വകാര്യ ആശുപത്രികളിലും സൗകര്യം നിഷേധിക്കാനോ അമിതമായ ഫീസ് ഈടാക്കാനോ പാടില്ല. ഇത് ജില്ല ഭരണകൂടം പരിശോധിക്കും. ഇത്തരം സ്ഥലങ്ങളിൽ കോവിഡ് പോസിറ്റിവായവർക്ക് ഡയാലിസിസ് ചെയ്യുന്നതിന് യന്ത്രങ്ങൾ മാറ്റിവെക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.