ഔദ്യോഗിക പക്ഷത്തിന്റെ നിലപാട് തള്ളി സി.പി.ഐയുടെ രാഷ്ട്രീയ റിപ്പോർട്ട്; കാനത്തിനും സർക്കാറിനും വിമർശനം
text_fieldsമഞ്ചേരി: സംസ്ഥാന സർക്കാറിനെയും പാർട്ടി സെക്രട്ടറിയെയും വിമർശിച്ച് സി.പി.ഐ ജില്ല സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോർട്ട്. ഔദ്യോഗിക പക്ഷത്തിന് മേൽകൈയുള്ള ജില്ലയാണെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ തള്ളുന്നതാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാറിനെ വിമർശിക്കുന്നതിനൊപ്പം വകുപ്പുകളുടെ പേരെടുത്തുപറഞ്ഞും വിമർശനം ഉയർന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനുപോലും സൽപേര് ഉണ്ടാക്കാനായില്ല. പൊലീസ് നടപടി പലപ്പോഴും സാധാരണക്കാരെ ദുരിതത്തിലാക്കി. ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗതം എന്നീ വകുപ്പുകള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. എം.എൽ.എമാരായ കെ.ടി. ജലീലിനെതിരെയും പി.വി. അൻവറിനെതിരെയും വിമർശനം ഉയർന്നു. കെ.ടി. ജലീൽ നിരന്തരം എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന വിവാദങ്ങൾ ഉണ്ടാക്കിയിട്ടും നേതൃത്വം മൗനം പാലിച്ചു. 'ആസാദ് കശ്മീർ' പരാമർശം ദേശീയതലത്തിൽ പോലും ചർച്ചയായത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മുന്നണിക്കും നാണക്കേടായി.
പി.വി. അൻവറിന്റെ ഇടതുപക്ഷ വിരുദ്ധ നയങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തം എൽ.ഡി.എഫിന് പേറേണ്ടിവരുന്നു. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള പി.വി. അൻവറിന്റെ നേട്ടം കൊയ്യൽ മുന്നണിക്ക് കോട്ടമുണ്ടാക്കി. ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ പി.വി. അൻവർ അപഹാസ്യമാക്കി. ഇരുവരും മതനിരപേക്ഷകരെ എൽ.ഡി.എഫിൽനിന്ന് അകറ്റുമെന്നും മുന്നണിയെ തകർക്കുമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ആനി രാജയെ സംസ്ഥാന നേതൃത്വം തിരുത്താൻ ശ്രമിച്ചതിനെതിരെയും രൂക്ഷ വിമർശനം ഉയർന്നു.
കാനം പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ല ആയിട്ടുകൂടിയും സംസ്ഥാന സെക്രട്ടറിക്കെതിരെയും വിമർശനം ഉയർന്നു. പാർട്ടി എം.എൽ.എ പൊലീസിൽനിന്ന് അടി വാങ്ങുമ്പോൾ സന്തോഷിക്കുന്ന പാർട്ടി സെക്രട്ടറി പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമാണെന്നായിരുന്നു കാനത്തിനെതിരെയുള്ള വിമർശനം. ശബരിമല സ്ത്രീ പ്രവേശനം അവധാനതയില്ലാതെ നടപ്പാക്കാൻ ശ്രമിച്ചു. പദ്ധതികൾ നടപ്പാക്കുമ്പോൾ പൊതുജനവികാരം കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്നത് എൽ.ഡി.എഫിന്റെ അടിത്തറ ഇളക്കും. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും വിമർശനം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.