വരുന്നു, മെഡിക്കൽ കോളജിൽ അത്യാധുനിക സി.ടി സ്കാൻ
text_fieldsമഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി. സ്കാനിങ് യന്ത്രം ഈ മാസം സ്ഥാപിക്കും. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ നേതൃത്വത്തിലാണ് യന്ത്രം എത്തിക്കുന്നത്.
നാല് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു വർഷത്തോളമായി തകരാറിലായി കിടക്കുന്ന സി.ടി. സ്കാനിങ് യന്ത്രം മാറ്റി 16 സ്ലൈസ് മെഷീൻ സ്ഥാപിക്കാനുള്ള നടപടികൾക്കിടെയാണ് അത്യാധുനിക സി.ടി. സ്കാനിങ് യന്ത്രം വാങ്ങാനുള്ള തീരുമാനം കെ.എച്ച്.ആർ.ഡബ്ല്യു.എസ് കൈകൊണ്ടത്.
പുതിയ യന്ത്രം എത്തുന്നതോടെ കാർഡിയാക് സി.ടി, രക്തക്കുഴലുകളുടെ സ്കാനിങ്, ലിവർ സി.ടി. വിത്ത് സെഗ്മന്റ് ഡിറ്റക്ഷൻ, ലങ് കാൻസർ നൊഡ്യൂൾ ഡിറ്റക്ഷൻ മുതലായ അത്യാധുനിക സ്കാനിങ് പ്രോട്ടോകോളുകൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ സാധിക്കും.
2010ലാണ് ഒരു കോടി രൂപയോളം ചെലവഴിച്ച് സ്കാനിങ് യന്ത്രം സ്ഥാപിച്ചത്. യന്ത്രത്തിന്റെ പ്രധാന ഭാഗമായ പിക്ചർ ട്യൂബ് തകരാറിലായതായിരുന്നു പണിമുടക്കാൻ കാരണം. പുതിയ യന്ത്രം സ്ഥാപിക്കുന്നതിന് പകരം അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ച് കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി ആലോചിച്ചിരുന്നു.
എന്നാൽ ഇതിന് 40 ലക്ഷം രൂപയോളം ചെലവ് വരുമെന്നതിനാൽ ഈ ശ്രമം ഉപേക്ഷിച്ചു. തകരാർ പരിഹരിച്ചാലും യന്ത്രത്തിന്റെ കാലപ്പഴക്കം നിമിത്തം വീണ്ടും തകരാറിനു സാധ്യതയുണ്ടെന്ന വിലയിരുത്തലും ഉണ്ടായി. ആശുപത്രി അധികൃതരാണ് അത്യാധുനിക സംവിധാനങ്ങളുള്ള സി.ടി. സ്കാൻ യന്ത്രം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് കെ.എച്ച്.ആർ.ഡബ്ല്യു.എസ് അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.