എം.പി.എ. ഹബീബ് റഹ്മാെൻറ നിര്യാണം; വിടവാങ്ങിയത് മഞ്ചേരിയിലെ നിറസാന്നിധ്യം
text_fieldsമഞ്ചേരി സഭ ഹാളില്‍ നടന്ന എം.പി.എ. ഹബീബ് റഹ്മാന് കുരിക്കള്‍ അനുശോചന യോഗം മുൻ എം.എൽ.എ അഡ്വ. എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: നഗരസഭ കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന എം.പി.എ. ഹബീബ് റഹ്മാൻ കുരിക്കൾക്ക് നാടിെൻറ യാത്രാമൊഴി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ മൃതദേഹം ഖബറടക്കി. ഹസന് മൊയ്തീന് കുരിക്കള്‍ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്കി.
1973ൽ എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പിന്നീട് മഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗിെൻറ അമരത്തെത്തി. അധികകാലം കഴിയുന്നതിന് മുമ്പ് തന്നെ ടൗൺ ലീഗ് പ്രസിഡൻറായി.
തുടർന്ന് ഒട്ടേറെ സേവന പ്രവർത്തനങ്ങളാണ് നഗരത്തിൽ നടത്തിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ റമദാനിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും അടക്കം നോമ്പ് തുറക്കാനും അത്താഴത്തിനും ഭക്ഷണം നൽകുന്ന ടൗൺ കമ്മിറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു. ഉള്ളാടംകുന്ന് ഡിവിഷനിൽനിന്ന് രണ്ട് തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ഒരുതവണ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനുമായി. മഞ്ചേരി എട്ടിയാട്ട് അയ്യപ്പക്ഷേത്രത്തിലേക്കുള്ള സ്വകാര്യ റോഡിനോട് ചേർന്നുള്ള വഴിയിൽ ക്ഷേത്രാചാരങ്ങൾക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള മലിനജല പ്രശ്നവും മറ്റും ഇരുവിഭാഗത്തെയും ബന്ധപ്പെട്ട് പ്രശ്നം രമ്യമായി പരിഹരിച്ചത് രാഷ്ട്രീയ ജീവിതത്തിലെ പൊൻതൂവലായി. ക്ഷേത്ര പരിപാലന കമ്മിറ്റി അനുമോദനപത്രം നൽകി ആദരിക്കുകയും ചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, മുന്‍ എം.എല്‍.എ അഡ്വ. എം. ഉമ്മര്‍, പി.കെ. കുഞ്ഞു, വല്ലാഞ്ചിറ മുഹമ്മദാലി, റഷീദ് പറമ്പന്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മുസ്ലിം ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡൻറായിരുന്ന എം.പി.എ. ഹബീബ് റഹ്മാൻ കുരിക്കളുടെ വിയോഗം മഞ്ചേരിയുടെ പൊതുസമൂഹത്തിനും മുസ്ലിം ലീഗിനും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് സഭ ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. മുന്‍ എം.എല്‍.എ എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണിയന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, സെന്‍ട്രല്‍ ജുമാമസ്ജിദ് ഖാദി വി.പി. മുഹമ്മദ് മൗലവി, അഡ്വ. എന്‍.സി. ഫൈസല്‍, എ.പി. മജീദ് മാസ്റ്റര്‍, വല്ലാഞ്ചിറ മജീദ്, വല്ലാഞ്ചിറ ഷൗക്കത്തലി, അജിത് കുമാര്‍, പി.ജി. ഉപേന്ദ്രന്, ഹനീഫ മേച്ചേരി, മരുന്നന്‍ മുഹമ്മദ്, ടി.എം. നാസര്‍, കെ.കെ.ബി. മുഹമ്മദാലി, യാഷിക് മേച്ചേരി, യൂസുഫ് വല്ലാഞ്ചിറ, സജറുദ്ദീൻ മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.