വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണം: നഷ്ടമായത് നിസ്വാർഥ ജനസേവകനെ
text_fieldsമഞ്ചേരി: വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നിസ്വാർഥനായ ജനസേവകനെ. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തുപിടിച്ചതിനോടൊപ്പം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിൽനിന്നു. മഞ്ചേരിയിലെ മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, ഇ. അഹമ്മദ് തുടങ്ങി ലീഗിലെ സമുന്നതരായ നേതാക്കളുമായി അടുത്തബന്ധം പുലർത്തി. ഏതു നേതാവും അദ്ദേഹത്തെ പരിഗണിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും വിവിധ വകുപ്പുകളിലെ മേധാവിമാരുമായും സൗഹൃദം പുലർത്തി. ഈ സൗഹൃദം സാധാരണക്കാരന്റെ പ്രശ്നപരിഹാരത്തിന് അദ്ദേഹം ഉപയോഗപ്പെടുത്തി. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് എപ്പോഴും മുൻഗണന നൽകി. ബസ് ഉടമ ആയിരുന്നെങ്കിലും തൊഴിലാളികളെ ചേർത്തുപിടിച്ചു.
പാർലമെന്ററി മോഹങ്ങളില്ലാതെയായിരുന്നു പാർട്ടി സേവനങ്ങൾ. മുസ്ലിം ലീഗിന്റെ വിവിധതലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ നല്ല പരിചയവും വിവിധ വിഷയങ്ങളിൽ ആഴമുള്ള അറിവുമുണ്ടായിരുന്നു. ഒരു ജനപ്രതിനിധിയെപ്പോലെ നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ഉന്നതതലങ്ങളിൽ പരിഹാരമുണ്ടാക്കാൻ പ്രയത്നിക്കുകയും ചെയ്തു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി. സൈതലവി, മുൻമന്ത്രി ടി.കെ. ഹംസ തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.