മതിയായ ഡോക്ടർമാരില്ലാതെ മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആശുപത്രിയിലെത്തുന്ന ഗർഭിണികളുടെ എണ്ണം കൂടി വരുമ്പോഴാണ് മതിയായ ഡോക്ടർമാരില്ലാത്തത്. ഡോക്ടർമാരിലെ കോവിഡ് ബാധയും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഡോക്ടർമാരുടെ കുറവ് നികത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവി ഡോ. കെ.ജെ. ജേക്കബ് പ്രിൻസിപ്പലിന് കത്ത് നൽകി. പ്രതിമാസം ശരാശരി 300ലധികം പ്രസവം നടക്കുന്ന ആശുപത്രിയിൽ 12 ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. എട്ടുപേർ വിവിധ കാരണങ്ങളാൽ അവധിയിലാണ്.
മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, മൂന്ന് അസി. പ്രഫസർ, ലെക്ചറർ എന്നിങ്ങനെയാണ് തസ്തിക. അസി. പ്രഫസർമാരിൽ ഒരാളും ലെക്ചററും അവധിയിലാണ്. ഹെൽത്ത് സർവിസ് വിഭാഗത്തിൽ ഏഴുപേരാണുള്ളത്. ഇതിൽ രണ്ടുപേർ കോവിഡ് പോസിറ്റിവും ഒരാൾ അവധിയിലുമാണ്. ഇതോടെ 13 മുതിർന്ന ഡോക്ടർമാരിൽ എട്ടുപേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഇതിന് പുറമെ അഞ്ച് സീനിയർ റെസിഡന്റുമാരിൽ ഒരാൾ മെഡിക്കൽ അവധിയിലാണ്. ഒരാളുടെ സേവനം ഒരാഴ്ച മുമ്പ് അവസാനിച്ചു. മറ്റൊരാൾ കോവിഡ് പോസിറ്റിവായി ചികിത്സയിലുമാണ്. രണ്ട് ജൂനിയർ റെസിഡന്റുമാരും ആശുപത്രിയിലുണ്ട്. കോവിഡ് പോസിറ്റിവായാൽ സ്വകാര്യ ആശുപത്രികളിൽനിന്നടക്കം നിരവധി ഗർഭിണികളെയാണ് മഞ്ചേരിയിലേക്ക് റഫർ ചെയ്യുന്നത്.
രോഗികൾക്ക് അനുസൃതമായ ഡോക്ടർമാർ ആശുപത്രിയിൽ ഇല്ല. നേരത്തേയും ഈ വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു.
സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളിൽ നിന്നും രണ്ടാഴ്ചത്തേക്കും മറ്റും ഡോക്ടർമാരെ നിയമിച്ചായിരുന്നു പരിഹാരം കണ്ടിരുന്നത്. ജോലിഭാരം കാരണം ഇവരും സേവനം മതിയാക്കുന്നതോടെ എല്ലാം പഴയപോലെയാകും. താൽക്കാലിക പരിഹാരത്തിന് പകരം ശാശ്വതമായി പ്രശ്നം പരിഹരിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇതിനായി സീനിയർ, ജൂനിയർ റെസിഡന്റ് ഡോക്ടർമാരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ വർഷം മാത്രം 3021 പ്രസവമാണ് ആശുപത്രിയിൽ നടന്നത്.
തങ്ങളുടെ സുരക്ഷ ആര് നോക്കുമെന്ന് ഡോക്ടർമാർ
മഞ്ചേരി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ സുരക്ഷ ഉപകരണങ്ങളുടെ കുറവുള്ളതായി ഡോക്ടർമാർ. പി.പി.ഇ കിറ്റ്, ലേബർ റൂമിലേക്ക് ആവശ്യമായ മാസ്ക്, ക്യാപ് തുടങ്ങിയ സാമഗ്രികളാണ് കുറവുള്ളത്. ഇതിന് പുറമെ കോവിഡ് പോസിറ്റിവായ ഗർഭിണികൾക്ക് കൈ കഴുകാനുള്ള സൗകര്യം ലേബർ റൂമിലില്ല. ഇക്കാര്യം സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആർ.എം.ഒയുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ക്രമീകരണങ്ങളൊന്നും നടത്തിയിട്ടില്ല. പോസിറ്റിവായ ഗർഭിണികളെ ചികിത്സിക്കുന്നതിന് താൽക്കാലികമായി ലേബർ റൂം സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ഡോക്ടർമാർക്ക് പി.പി.ഇ കിറ്റ് ധരിക്കാനുള്ള സൗകര്യം പോലുമില്ല. കോവിഡ് പോസിറ്റിവായ ശസ്ത്രക്രിയ കഴിഞ്ഞ ഗർഭിണികളെ പരിചരിക്കുന്നതിനും ഇവിടെ സൗകര്യമില്ല. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ പ്രിൻസിപ്പലിനെ സമീപിച്ചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.