വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ പ്രതിഷേധം
text_fieldsമഞ്ചേരി: കേരള മെഡിക്കൽ പി.ജി അസോസിയേഷൻ ആഹ്വാനം ചെയ്ത ഏകദിന സമരവും പ്രതിഷേധ സംഗമവും മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നടന്നു. രാവിലെ എട്ടിന് ആരംഭിച്ച പ്രതിഷേധം വ്യാഴാഴ്ച രാവിലെ എട്ടുവരെ നീണ്ടുനിൽക്കും. അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു എന്നിവിടങ്ങളിൽനിന്ന് പ്രതിഷേധക്കാർ വിട്ടുനിന്നു.
ഇത് അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ബാധിച്ചു. പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രതിഷേധ ധർണ ഒ.പി ബ്ലോക്കിന് മുന്നിൽ സമാപിച്ചു. പി.ജി വിദ്യാർഥികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സ്റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നും ആഴ്ചയിൽ ഒരു ദിവസം അവധി അനുവദിക്കണമെന്നതുമുൾപ്പെടെ വിവിധ പ്രശ്നങ്ങൾ സമരക്കാർ ഉയർത്തിക്കാട്ടി. 2017ലാണ് അവസാനമായി സ്റ്റൈപ്പൻഡ് വർധിപ്പിച്ചത്.
പി.ജി സീറ്റിന് ആനുപാതികമായി എസ്.ആർ സീറ്റ് അനുവദിക്കണമെന്നും ഇല്ലെങ്കിൽ ഒരു വർഷത്തെ നിർബന്ധിത ബോണ്ട് ഒഴിവാക്കണമെന്നും സമരം ആഹ്വാനം ചെയ്തു. സെപ്റ്റംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍ സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമര രംഗത്തിറങ്ങിയത്. പ്രതിഷേധ സംഗമത്തിൽ കെ.എം.പി.ജി.എ മഞ്ചേരി മെഡിക്കൽ കോളജ് യൂനിറ്റ് പ്രസിഡന്റ് ഡോ. ശിവപ്രസാദ്, ജനറൽ സെക്രട്ടറി ഡോ. അശ്വതി, ഹൗസ് സർജൻ പ്രതിനിധികളായ ഡോ. അഭിഷേക്, ഡോ. ഹെബ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.