മഞ്ചേരി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കും -മന്ത്രി
text_fieldsമഞ്ചേരി: മഞ്ചേരി മണ്ഡലത്തിലെ തടസ്സങ്ങൾ നേരിടുന്ന കുടിവെള്ള പദ്ധതിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേരിയിൽ ജലഅതോറിറ്റി സെക്ഷന് പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന് ആവശ്യമായ റിപ്പോർട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആരായും.
തടപ്പറമ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് പിൻവലിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. നാടിന്റെ ജനകീയമായ വിഷയം പരിഹരിക്കുന്നതിന് സഹകരണ മനോഭാവം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ എടപ്പറ്റ, കീഴാറ്റൂർ, തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കാൻ 467 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
നഗരസഭയിലെ കുടിവെള്ള പദ്ധതി അഭിവൃദ്ധിപ്പെടുത്താനും തടപ്പറമ്പ്, പയ്യനാട് പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കാൻ നടപ്പാക്കുന്ന മഞ്ചേരി സബ് അർബൻ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായാണ് പി.എച്ച് സെക്ഷന് പുതിയ ഓഫിസ് നിർമിച്ചത്. 75 കോടി രൂപയുടെ പദ്ധതിയാണിത്.
ചടങ്ങിൽ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി ഉത്തര മേഖല ചീഫ് എൻജിനീയർ ടി.ബി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷ സി. സക്കീന, കൗൺസിലർമാരായ അഡ്വ. പ്രേമ രാജീവ്, മരുന്നൻ സാജിദ് ബാബു, വാട്ടർ അതോറിറ്റി ബോർഡ് അംഗം അഡ്വ. ജോസ് ജോസഫ്, സൂപ്രണ്ടിങ് എൻജിനീയർ എസ്. സത്യ വിൽസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ.ബി. മുഹമ്മദലി, കെ. ഉബൈദ്, സുബൈർ വീമ്പൂർ, അഡ്വ. കെ.പി. ഷാജു, എഡ്വിൻ തോമസ്, പി.ജി. ഉപേന്ദ്രൻ, ഇ.പി. ഫിറോസ്, ടി. ഷെരീഫ്, അഫ്സൽ ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.