കുടിവെള്ളത്തിന് അലഞ്ഞ് തൃക്കലങ്ങോട് പഞ്ചായത്ത്
text_fieldsമഞ്ചേരി: വേനൽ കടുത്തതോടെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം. കിണറുകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനം. വീട്ടാവശ്യത്തിനായി ഗുഡ്സ് വാഹനങ്ങളിൽ വീട്ടിലെ ടാങ്കിലേക്ക് വെള്ളം അടിച്ചാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. വേനൽ മഴയിലും കുറവ് വന്നതോടെ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. വെള്ളമില്ലാത്തതിനാൽ ഗ്രാമപഞ്ചായത്തിലെ പല കുടിവെള്ള പദ്ധതികളും നിലച്ച മട്ടാണ്. ജലക്ഷാമം നേരിടുന്ന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നുണ്ട്. എന്നാൽ ഓരോ ദിവസവും കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം ആവശ്യമായി വരികയാണ്.
പുളിങ്ങോട്ടുപുറം, കുതിരാടം പ്രദേശത്തെ രണ്ട് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാർജ് ഗുണഭോക്താക്കൾ അടക്കാത്തതു മൂലം കെ.എസ്.ഇ.ബി കണക്ഷൻ ഒഴിവാക്കി. വോൾട്ടേജ് ക്ഷാമം മൂലം 100 പൊതുടാപ്പുകളുള്ള കാരക്കുന്ന് കുടിവെള്ള പദ്ധതി, പൂവത്തിക്കുണ്ട്, ചാരങ്കാവ്, ആലുംകുണ്ട് കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുന്നുണ്ട്. മോട്ടോർ തകരാർ മൂലം പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടും തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം മൂലം പ്രവൃത്തി നടത്താനും സാധിക്കുന്നില്ല. തൃക്കലങ്ങോട്, പാണ്ടിക്കാട്, പോരൂർ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ആരംഭിച്ച ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കൽ തൃക്കലങ്ങോട്ടിൽ പുരോഗമിക്കുകയാണ്. ഗ്രാമപഞ്ചായത്ത് 60 ലക്ഷം രൂപക്ക് വാങ്ങിയ 11.5 ഏക്കർ ഭൂമിയിൽ 31 എം.എൽ.ഡി പാന്റിന്റെ ശിലാസ്ഥാപനം അടുത്ത മാസം എട്ടിന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
പ്ലാന്റിന് 60 കോടിയും പഞ്ചായത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 112 കോടിയുമാണ് വകയിരുത്തിട്ടുള്ളത്. പാണ്ടിക്കാട്, പോരൂർ പഞ്ചായത്തുകൾ ടാങ്കുകൾക്കാവശ്യമായ ഭൂമി ഇനിയും കൈമാറാത്തതു പദ്ധതിയുടെ പൂർത്തീകരണത്തിന് തടസ്സമാവുന്നുണ്ട്. ജൽ ജീവൻ മിഷൻ പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും വെള്ളം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.