ഇരട്ട പദവി; മഞ്ചേരി നഗരസഭ കൗൺസിലറെ അയോഗ്യനാക്കി
text_fieldsമഞ്ചേരി: മഞ്ചേരി നഗരസഭയിലെ ഇടതുപക്ഷ കൗൺസിലറെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കി. 49ാാം വാർഡ് കരുവമ്പ്രത്തെ കൗൺസിലർ പി. വിശ്വനാഥനെതിരെയാണ് നടപടി. ഒരേസമയം നഗരസഭ കൗൺസിലറായും മലബാർ ദേവസ്വം ക്ഷേത്രം ജീവനക്കാരനായും സർക്കാറിൽനിന്ന് ഇരട്ടപദവി ആനുകൂല്യങ്ങൾ കൈപ്പറ്റിയതിനെ തുടർന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അയോഗ്യനാക്കിയത്.
കരുവമ്പ്രം വാർഡിലെ വോട്ടറായ മുനവ്വിർ പാലായി നൽകിയ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപടി. 2020ൽ മഞ്ചേരി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ പി. വിശ്വനാഥൻ മത്സരിച്ചപ്പോൾ ദേവസ്വം ജീവനക്കാരനാണെന്ന പരാതി കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു. ഇതോടെ കരുവമ്പ്രം ശ്രീ വിഷ്ണു കരിങ്കാളിക്കാവ് ക്ഷേത്രത്തിലെ വഴിപാട് അസിസ്റ്റന്റ് ക്ലർക്ക് ജോലി രാജിവെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാരനായി വീണ്ടും ജോലിയിൽ പ്രവേശിച്ചു. ശമ്പളം ഉൾപ്പെടെ ആനുകൂല്യം കൈപ്പറ്റുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസ് പിന്തുണയോടെ പരാതിക്കാരൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. വിശ്വനാഥൻ കൗൺസിലറായി മൂന്നു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. കോൺഗ്രസിലെ ഫൈസൽ പാലായിയെ 47 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇയാൾ കൗൺസിലറായത്. കരിങ്കാളിക്കാവ് ക്ഷേത്രത്തിൽ വഴിപാട് തുകക്ക് വ്യാജ രസീത് നൽകി പണം അപഹരിച്ചെന്ന പരാതിയിൽ കൗൺസിലറെ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കൂടാതെ മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഹരജിക്കാരനു വേണ്ടി അഭിഭാഷകരായ യു.എ. അമീർ മഞ്ചേരി, എ. ഇസ്മായീൽ സേട്ട് തിരുവനന്തപുരം എന്നിവർ ഹാജരായി. അതേസമയം, കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അയോഗ്യത നടപടി നേരിട്ടാൽ അപ്പീൽ പോകുമെന്നും വിശ്വനാഥൻ പറഞ്ഞു. കേസിൽ കൗൺസിലറെ പിന്തുണക്കേണ്ടതില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.