കുടിശ്ശിക തുക ലഭിച്ചില്ല; കരാറുകാർ ഭക്ഷ്യധാന്യ വിതരണം നിർത്തി
text_fieldsമഞ്ചേരി: എൻ.എഫ്.എസ്.എ ഗോഡൗണുകളിൽനിന്ന് റേഷൻകടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാർക്ക് കുടിശ്ശിക തുക ലഭിക്കാത്തതിനെത്തുടർന്ന് കരാറുകാർ ഭക്ഷ്യധാന്യവിതരണം നിർത്തി. റേഷൻ വസ്തുക്കള്‍ വിതരണത്തിനെത്തിച്ച വകയിൽ രണ്ടു മാസത്തെ തുകയാണ് സപ്ലൈകോ നൽകാനുള്ളത്. വിതരണം നിർത്തിയതോടെ റേഷൻകടകളിൽ അരി ഇല്ലാതായി.
ജില്ലയിൽ തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകളിലെ റേഷൻകടയിലേക്ക് ഭാഗികമായി അരി കയറ്റുന്നുണ്ട്. എന്നാൽ ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ റേഷൻ കടകളിലേക്ക് റേഷൻ വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. മിക്ക റേഷൻകടകളിലും സ്റ്റോക്ക് തീർന്നു. ജില്ലയിൽ ഏഴു താലൂക്കുകളിലായി 1239 റേഷൻകടകളാണുള്ളത്. ഇതിൽ 394 റേഷൻകടകളിലേക്കാണ് ഇതുവരെ അരി വിതരണം ചെയ്തത്. ലോറിക്കാരുടെ വാടക രണ്ടുമാസമായി ലഭിക്കാത്തതിനാൽ ലോറി ഉടമകളും സമരത്തിലാണ്.
റേഷൻ വ്യാപാരികൾക്ക് കഴിഞ്ഞ മാസത്തെ വേതനവും നൽകിയിട്ടില്ല. വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പുതുക്കാത്തതിലും കിറ്റ് വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള കമീഷൻ ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും നൽകാത്തതിലും വ്യാപാരികൾക്ക് പരാതിയുണ്ട്. അരി എത്തിച്ച കരാറുകാർക്ക് യഥാസമയം ബിൽ പാസാക്കി നൽകാത്തതിനാൽ വലിയ പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്. ക്ഷേമനിധി ബോർഡിൽ അടക്കാനുള്ള തുക മിക്ക കരാറുകാരും അടച്ചിട്ടില്ല. ഈ തുക അടക്കാൻ സാധിക്കില്ലെന്നും പിഴത്തുക ഏറ്റെടുക്കില്ലെന്നും കാണിച്ച് കരാറുകാർ സപ്ലൈകോക്ക് കത്ത് നൽകി.
ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന വാഹനങ്ങൾക്ക് ഡീസൽ, ഡ്രൈവർമാരുടെ വേതനം എന്നിവ വലിയ ബാധ്യതയായെന്നും സപ്ലൈകോയെ അറിയിച്ചു. വേതനം ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർമാർ സമരത്തിലേക്ക് നീങ്ങി റേഷൻ മുടങ്ങിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന മുന്നറിയിപ്പും കരാറുകാർ നൽകിയിട്ടുണ്ട്. റേഷൻ വിതരണം മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.