ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളി; ആശുപത്രിക്കെതിരെ പ്രതിഷേധം
text_fieldsമഞ്ചേരി: ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളിയ സ്വകാര്യ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച രാത്രി മാലിന്യം തള്ളുന്നതിനിടെ വാഹനം തടഞ്ഞ് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് വെള്ളിയാഴ്ച രാവിലെ പ്രതിഷേധവുമായി നാട്ടുകാർ ആശുപത്രിയിലുമെത്തി. സംഭവത്തിൽ മഞ്ചേരിയിലെ പ്രശാന്തി ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരിസരവാസികൾ ജില്ല കലക്ടർ, നഗരസഭ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
വ്യാഴാഴ്ച രാത്രി 12.30നാണ് പ്രശാന്തി ആശുപത്രിയുടെ ഒമ്നി വാനും മറ്റൊരു ടിപ്പർ ലോറിയും കോവിലകംകുണ്ട് പരുത്തിപറ്റ റോഡിൽ എത്തിയത്. ഇവിടെ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കാണ് ടിപ്പർ ലോറിയിൽ കക്കൂസ് മാലിന്യം എത്തിച്ചത്. സ്ഥലത്തേക്ക് പോകുന്നതിനിടെ മാലിന്യം റോഡിൽ വീണു. പരിസരമാകെ ദുർഗന്ധം പരന്നതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
ബുധനാഴ്ച രാത്രിയും പരിസരത്ത് മാലിന്യം തള്ളിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് ആവർത്തിക്കാൻ ഇടയുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് ആളുകൾ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ആശുപത്രിയിൽനിന്ന് കക്കൂസ് മാലിന്യം എത്തിച്ചത്. ഇതോടെ സ്ത്രീകളുൾെപ്പടെ പ്രതിഷേധവുമായെത്തി വാഹനം തടയുകയായിരുന്നു. ഇതിനിടെ ലോറി ഡ്രൈവർ നാട്ടുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ആശുപത്രിയുടെ പേരുള്ള വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു
മഞ്ചേരി: ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു. മാലിന്യം തള്ളുന്നത് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെങ്കിലും പ്രദേശത്തെ വീടുകളിലെ കിണറുകളടക്കം മലിനമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
മഴ പെയ്താൽ മാലിന്യം റോഡിലേക്കും കിണറിലേക്കും ഒലിച്ചെത്തുകയാണെന്നും നാട്ടുകാർ പറഞ്ഞു. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. മാലിന്യം നീക്കാൻ കരാർ നൽകിയതാണെന്നും അവരുടെ അശ്രദ്ധയാണ് ജനവാസ മേഖലയിൽ മാലിന്യം തള്ളാൻ ഇടയായതെന്നുമാണ് ആശുപത്രി അധികൃതർ ആദ്യം പ്രതികരിച്ചത്.പ്രതിഷേധം ശക്തമായതോടെ മാലിന്യം നീക്കാമെന്നും ഇനി ആവർത്തിക്കില്ലെന്നും ആശുപത്രി അധികൃതർ ഉറപ്പുനൽകി.
ഒരു ലക്ഷം രൂപ പിഴ ചുമത്തി നഗരസഭ
മഞ്ചേരി: ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ ആശുപത്രിക്ക് പിഴ ചുമത്തി നഗരസഭ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഏഴ് ദിവസത്തിനകം പിഴ അടക്കണമെന്നും നിർദേശിച്ചു. 30 ദിവസത്തിനകം മാലിന്യസംസ്കരണത്തിന് ആവശ്യമായ സംവിധാനം ഒരുക്കിയില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനം തടയുമെന്നും നേരത്തെയും പരാതി ലഭിച്ചിരുന്നെന്നും സെക്രട്ടറി എച്ച്. സിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.