അന്നൊരു മഴക്കാലത്ത് കുടുംബത്തെ മണ്ണെടുത്തു; ഇന്ന് വിജയത്തേരേറി ഷഹീം
text_fieldsമഞ്ചേരി: എടവണ്ണ കുണ്ടുതോട്ടിലെ മണ്ണിടിച്ചിലിൽ ഉറ്റവരെ നഷ്ടപ്പെട്ട ഷഹീമിെൻറ സമ്പൂർണ എ പ്ലസിന് അതിജീവന തിളക്കം. മഞ്ചേരി എച്ച്.എം.വൈ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 2019 ആഗസ്റ്റ് എട്ടിന് കുണ്ടുതോട് ചളിപ്പാടത്ത് മണ്ണിടിച്ചിലിൽ വീട് തകർന്നാണ് ഷഹീമിന് മാതാപിതാക്കളെയും രണ്ടു സഹോദരങ്ങളെയും നഷ്ടപ്പെട്ടത്.
ഉറങ്ങുകയായിരുന്ന പിതാവ് കുട്ടശ്ശേരി യൂനുസ് ബാബു, മാതാവ് നുസ്രത്ത്, സഹോദരങ്ങളായ മുഹമ്മദ് ഷാനിൽ, ഫാത്തിമ സന എന്നിവരാണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്. ചാലിയാർ പുഴ കരകവിഞ്ഞതോടെ ഇവർ താമസിച്ചിരുന്ന പഴയ വീടിന് ചുറ്റും വെള്ളം കയറിയതിനെ തുടർന്നാണ് നിർമാണത്തിലിരിക്കുന്ന ഇരുനില വീട്ടിലേക്ക് കുടുംബം മാറിയത്.
പുലർച്ച മൂന്നോടെ വീട് തകർന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷഹീമും സഹോദരൻ ഷാമിലും മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പരിക്ക് ഭേദമായശേഷം മഞ്ചേരി ഹാഫ് കിടങ്ങഴിയിലെ വലിയുമ്മ സുഹ്റാബിയോടൊപ്പമായി താമസം. പിന്നീട് തുടർപഠനത്തിനായി രണ്ടുപേരെയും മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസിൽ ചേർത്തു. ദുരന്തത്തിെൻറ ഞെട്ടലിൽ നിന്നും വിമുക്തി നേടാൻ നാട്ടുകാരും അധ്യാപകരും കൈത്താങ്ങായി. ഒടുവിൽ പ്രതിസന്ധികളെ മറികടന്ന് മികച്ച വിജയം നേടി സ്കൂളിനും നാടിനും അഭിമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.