ആവേശം ആകാശത്തോളം
text_fieldsമഞ്ചേരി: ആവേശം കൊട്ടിക്കയറിയതോടെ മഞ്ചേരി നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാറ്റിൽപ്പറന്നു. സെൻട്രൽ ജങ്ഷനിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ ആവേശത്തിരമാല തീർത്തു. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് നന്നായി വിയർത്തു.
വാഹനത്തിന് മുകളിൽ കയറി കൊടി വീശിയും പാട്ടിന് താളം വെച്ചും പ്രവർത്തകർ കൊട്ടിക്കയറി. മുദ്രാവാക്യം വിളികളും നഗരത്തെ ഇളക്കിമറിച്ചു. ഇതിനിടെ പലതവണ പൊലീസുമായി കൈയാങ്കളിയും നടന്നു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. റോഡിന് നടുവിൽനിന്ന് പ്രവർത്തകരെ പൊലീസ് നിയന്ത്രിച്ചു.
വൈകീട്ട് നാലരയോടെയാണ് ഇരുമുന്നണികളുടെയും പ്രവർത്തകർ നഗരത്തിലെത്തിയത്. യു.ഡി.എഫ് പ്രവർത്തകർക്കായി കോഴിക്കോട് റോഡും എൽ.ഡി.എഫിനായി പാണ്ടിക്കാട് റോഡുമാണ് പൊലീസ് അനുവദിച്ചിരുന്നത്. സെൻട്രൽ ജങ്ഷനിൽനിന്ന് 100 മീറ്റർ മാറി പൊലീസ് ഇരുമുന്നണികളുടെയും പ്രവർത്തകരെ തടഞ്ഞു.
എന്നാൽ പൊലീസ് വലയം ഭേദിച്ച് എൽ.ഡി.എഫ് പ്രവർത്തകർ ആദ്യം സെൻട്രൽ ജങ്ഷനിൽ എത്തിയതോടെ യു.ഡി.എഫ് പ്രവർത്തകരും പൊലീസിനെ മറികടന്ന് നഗര ഹൃദയഭാഗത്തെത്തി. അഞ്ചിന് ആരംഭിച്ച കൊട്ടിക്കലാശം കൃത്യം ആറിന് നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു.
പിന്നീട് പൊലീസ് ഇടപെട്ട് പ്രവർത്തകരെ തിരിച്ച് അയച്ചു. ഒരു മണിക്കൂർ നേരം നഗരത്തിലേക്കെത്തിയ വാഹനങ്ങൾ പൊലീസ് തിരിച്ചുവിട്ടു. എൻ.ഡി.എ മുന്നണിക്കായി നിലമ്പൂർ റോഡ് അനുവദിച്ചിരുന്നെങ്കിലും പ്രവർത്തകരെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.