ഏറനാട് താലൂക്ക് വികസന സമിതി; കച്ചേരിപ്പടി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പാർക്കിങ് കോംപ്ലക്സ് വേണം
text_fieldsമഞ്ചേരി: കച്ചേരിപ്പടി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പാർക്കിങ് കോംപ്ലക്സ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഏറനാട് താലൂക്ക് വികസന സമിതി യോഗത്തിൽ പ്രമേയം. സമിതി അംഗമായ ടി.പി. വിജയകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.
കോടതി പരിസരത്തും മിനി സിവിൽ സ്റ്റേഷൻ പരിസരത്തും വ്യാപകമായി വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥിതിയാണ്. ഇതിന് പുറമെ വിവിധ വകുപ്പുകൾ പിടിച്ചിട്ട വാഹനങ്ങളും റോഡിൽ കൂട്ടിയിട്ടിരിക്കുന്നു. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയിൽ ഇക്കാര്യം ഉന്നയിച്ചത്.
വീതി കുറഞ്ഞ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് സി.ടി. രാജു യോഗത്തിൽ ആവശ്യപ്പെട്ടു. നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ആംബുലൻസുകൾക്ക് അടക്കം തടസ്സമുണ്ടാക്കുന്നുണ്ട്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
ആശ്വാസ കിരണം പദ്ധതി പ്രകാരം കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായത്തിനുള്ള ഫണ്ട് തീർന്നതിനാൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി അരീക്കോട് സി.ഡി.പി.ഒ യോഗത്തിൽ അറിയിച്ചു. 2018ന് ശേഷം ഫണ്ട് ലഭിക്കാത്തതിനാൽ ധനസഹായം നൽകുന്നത് മുടങ്ങികിടക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. അരുകിഴായ വായനശാല പരിസരത്ത് 40ഓളം കുടുംബങ്ങൾക്ക് മൂന്നുമാസമായി വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നു. വെള്ളം ലഭിക്കാത്ത സ്ഥലങ്ങളിലേക്കുള്ള പൈപ്പ് കണക്ഷനിൽ ഉണ്ടാകുന്ന ചോർച്ച പരിഹരിക്കാൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
മുൻഗണന വിഭാഗം റേഷൻ കാർഡുള്ളവർക്ക് ബി.പി.എൽ ആക്കാൻ അർഹരായവരിൽനിന്ന് ചൊവ്വാഴ്ച മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകാൻ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ ക്ലബുകൾ മുൻകൈയെടുത്ത് പരിശീലന പരിപാടികൾ ആരംഭിച്ചതായി അഗ്നിരക്ഷസേന അറിയിച്ചു. ടി.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരിസ് കപ്പൂർ, അഷ്റഫ്, പി. മുഹമ്മദ്, പി. രാധാകൃഷ്ണൻ, ഇ. അബ്ദുല്ല, ഒ.കെ. സജി, കെ.എം. ജോസ്, കെ.പി.എ. നസീർ, കെ.ടി. ജോണി, വല്ലാഞ്ചിറ നാസർ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.