കക്കൂസ് മാലിന്യം കൊണ്ട് പൊറുതി മുട്ടേണ്ട; പരിഹാരവുമായി മഞ്ചേരി നഗരസഭ
text_fieldsമഞ്ചേരി: ജില്ലയിൽ ആദ്യമായി സഞ്ചരിക്കുന്ന ഫീക്കൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റ് മഞ്ചേരി നഗരസഭയിലെത്തി. വീടുകളിൽ നേരിട്ടെത്തി ആധുനിക സംവിധാനങ്ങളോടെ ശുചിമുറി മാലിന്യം വൃത്തിയാക്കുന്ന വാഹനമാണിത്. 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 46 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കേന്ദ്ര സർക്കാറിന്റെ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ ഡബ്യൂ.എ.എസ്.എച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരുവനന്തപുരത്തെ ഭൗമ സ്ഥാപനമാണ് ഇതിന്റെ നിർമാണം നടത്തിയത്. വാഹനത്തിൽ തയാറാക്കിയ ആധുനിക യന്ത്ര സാമഗ്രികൾ ഉൾപ്പെടുന്ന പ്ലാന്റ് നഗരസഭ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി കക്കൂസ് ടാങ്ക് വൃത്തിയാക്കും. ഇതിന് തുക ഈടാക്കും. സംസ്കരിച്ചതിന് ശേഷമുള്ള മലീനീകരണമില്ലാത്ത വെള്ളം കൃഷിക്കും മറ്റും ഉപയോഗിക്കാം. ഖരമാലിന്യം യന്ത്ര സംവിധാനത്തിൽ തന്നെ ഉണക്കി ചെറിയ ബ്രിക്കറ്റുകളാക്കി മാറ്റും. സർക്കാർ അംഗീകൃത ഏജൻസിയായ സോഷ്യോ എക്കണോമിക് യൂനിറ്റ് ഫൗണ്ടേഷനാണ് നഗരസഭക്ക് വേണ്ടി ഇതിന്റെ നിർവഹണ ഏജൻസിയായി പ്രവർത്തിക്കുക.
വാഹനത്തിനുള്ള യൂസർ ഫീ കൗൺസിൽ ചേർന്ന് തീരുമാനിക്കുമെന്നും അടുത്തുതന്നെ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി.ഫിറോസ്, ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ റഹീം പുതുക്കൊള്ളി എന്നിവർ അറിയിച്ചു.
കക്കൂസ് മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്ന് ചെയർപേഴ്സൻ പറഞ്ഞു. ശുചിമുറി സംവിധാനം ഒരുക്കുന്ന സംസ്ഥാനത്തെ തന്നെ മൂന്നാമത്തെ നഗരസഭയാണ് മഞ്ചേരി. ചാലക്കുടിയിലും കൊടുങ്ങല്ലൂരുമാണ് മറ്റു നഗരസഭകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.