പെരുന്നാൾ വിരുന്നൊരുക്കി സന്തോഷ് ട്രോഫി ഫൈനൽ
text_fieldsമഞ്ചേരി: രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫിക്ക് ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുമ്പോൾ കലാശപ്പോരാട്ടം കായികപ്രേമികൾക്ക് പെരുന്നാൾ വിരുന്നാകും. മേയ് രണ്ടിന് പയ്യനാട് സ്റ്റേഡിയത്തിലാകും ഫൈനലിന് വിസിൽ മുഴങ്ങുക. ഏഴാം കിരീടം ലക്ഷ്യമിടുന്ന കേരളം ഫൈനലിൽകൂടി എത്തിയാൽ മഞ്ചേരിയിലെ 'മാറക്കാന' നിറഞ്ഞുകവിയുമെന്ന് ഉറപ്പ്.
25,000 പേർക്ക് ഒരേസമയം ഗാലറിയിലിരുന്ന് കളികാണാൻ സാധിക്കും. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന ഫെഡറേഷൻ കപ്പിൽ ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. ഈ ആരവം വീണ്ടും തിരിച്ചെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരങ്ങളെ വരവേൽക്കാൻ അന്തിമ തയാറെടുപ്പിലാണ് ജില്ല. 16ന് രാവിലെ 9.30നാണ് കിക്കോഫ്.
ആദ്യമത്സരത്തിൽ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും. പയ്യനാടിന് പുറമെ കോട്ടപ്പടിയും മത്സരങ്ങൾക്ക് വേദിയാകും. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. ഗ്രൂപ് റൗണ്ടിലെ 10 മത്സരങ്ങൾ വീതം ഇരു സ്റ്റേഡിയങ്ങളിലുമായി നടക്കും. സെമിയും ഫൈനലും പയ്യനാട്ടും നടക്കും. കോട്ടപ്പടിയിൽ ഫ്ലഡ്ലൈറ്റ് ഇല്ലാത്തതിനാൽ വൈകീട്ട് നാലിനും പയ്യനാട് രാത്രി എട്ടിനുമായാണ് മത്സരങ്ങൾ.
സ്വന്തം മണ്ണിൽ കിരീടം ലക്ഷ്യമിടുന്ന കേരളവും കരുത്തരായ ബംഗാളും എ ഗ്രൂപ്പിലാണ്. പഞ്ചാബും മേഘാലയയും രാജസ്ഥാനും ഈ ഗ്രൂപ്പിൽ വെല്ലുവിളി ഉയർത്തും. നിലവിലെ ജേതാക്കളായ സർവിസസ്, മണിപ്പൂർ, കർണാടക, ഗുജറാത്ത്, ഒഡിഷ എന്നിവർ ബി ഗ്രൂപ്പിലാണ്. ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ കടക്കും.
ഏപ്രിൽ 16ന് ഉദ്ഘാടന ദിവസം രാത്രി എട്ടിന് കേരളം ആദ്യമത്സരത്തിൽ രാജസ്ഥാനെ നേരിടും. കേരളത്തിന്റെ മുഴുവൻ മത്സരങ്ങളും പയ്യനാടാണ് നടക്കുക. 28, 29 തീയതികളിലായി സെമിഫൈനലും നടക്കും. മേയ് രണ്ടിന് സന്തോഷ് ട്രോഫിയിലെ പുതിയ ചാമ്പ്യന്മാരെയും അറിയാം.
സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം ഇന്ന്
സന്തോഷ് ട്രോഫി സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ഓഫിസ് ഉദ്ഘാടനം ചെയ്യും. മലപ്പുറം മുണ്ടുപറമ്പ് ബൈപാസ് ജങ്ഷനിലാണ് ഓര്‍ഗനൈസിങ് ഓഫിസിന് സ്ഥലം ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 16 മുതല്‍ മേയ് രണ്ടു വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് 75ാമത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ബംഗാളും പഞ്ചാബും ഉള്‍പ്പെടുന്ന ഗ്രൂപ് എയിലാണ് കേരളം. ഏപ്രില്‍ 16ന് വൈകീട്ട് എട്ടിന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു
സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്നു. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. മീഡിയ സബ് കമ്മിറ്റി യോഗത്തില്‍ മത്സരം നടക്കുന്ന രണ്ട് വേദികളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ വിലയിരുത്തി.
യോഗത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്റൂഫ്, ഇവന്റ് കോഓഡിനേറ്റര്‍ യു. ഷറഫലി, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാര്‍, ഋഷികേഷ് കുമാര്‍, കെ.എ. അബ്ദുല്‍ നാസര്‍, മുൻ ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പി. അഷ്റഫ്, ടി. മുരുകന് രാജ്, ജില്ല ഇൻഫർമേഷൻ ഓഫിസർ റഷീദ് ബാബു, പ്രസ്ക്ലബ് സെക്രട്ടറി കെ.പി.എം. റിയാസ്, ഡോ. സുധീര്‍ കുമാര്‍, കെ.വി. അന്‍വര്‍, ജലീല്‍ മയൂര, ഡോ. രാധാകൃഷ്ണന് (കണ്‍വീനര്‍, മെഡിക്കല്‍ കമ്മിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.