സാമ്പത്തിക പ്രതിസന്ധി; മഞ്ചേരി മെഡിക്കൽ കോളജിന് ഒന്നര കോടി രൂപ അനുവദിച്ചു
text_fieldsമഞ്ചേരി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്ക് സർക്കാർ ഒന്നര കോടി അനുവദിച്ചു. മെഡിക്കൽ കോളജിന് 27 കോടി രൂപ ലഭിക്കാനുള്ളതിനാൽ ഒന്നര കോടി കാര്യമായ പ്രയോജനമുണ്ടാക്കില്ല. ഓണമെത്തിയിട്ടും മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. രണ്ടു മാസമായി ശമ്പളം മുടങ്ങിയ ഇവർക്ക് നൽകാൻപോലും ഒന്നര കോടി തികയില്ല.
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽനിന്നാണ് ഇപ്പോൾ തുക ലഭിച്ചത്. താൽക്കാലിക ജീവനക്കാർക്ക് ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളം നൽകാൻ രണ്ടു കോടി രൂപ വേണം.
എച്ച്.ഡി.എസിനും കാസ്പിനും കീഴിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, സുരക്ഷാജീവനക്കാർ, ഡേറ്റ എൻട്രി ഓപറേറ്റർമാർ, നഴ്സിങ് അസിസ്റ്റൻറ്, ഇ.സി.ജി ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലുള്ളവർക്ക് ഓണത്തിനും ശമ്പളം പൂർണമായി ലഭിക്കാത്ത സ്ഥിതിയാണ്. ശമ്പളം മുടങ്ങിയതിനെതിരെ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കാരുണ്യ ഇൻഷുറൻസ്, കാരുണ്യ ബെനവലൻറ് ഫണ്ട്, ആരോഗ്യകിരണം പദ്ധതികളിൽ ആശുപത്രി അധികൃതർ സ്വകാര്യ സ്ഥാപനങ്ങളുടെ സേവനവും തേടാറുണ്ട്.
ഇവർക്കും പണം നൽകണം. കാരുണ്യ പദ്ധതിയിലുൾപ്പെടുത്തി രോഗികൾക്ക് സേവനം നൽകിയതിനു മാത്രം 20 കോടിയോളം രൂപ ആശുപത്രിക്ക് ലഭിക്കാനുണ്ട്.കാരുണ്യ ബെനവലൻറ് ഫണ്ട് സ്കീം, 18 വയസ്സില് താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനം നൽകുന്ന ആരോഗ്യകിരണം പദ്ധതി തുടങ്ങിയ വിഭാഗത്തിൽ കോടികളുടെ കുടിശ്ശികയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നൽകേണ്ട തുകയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.