മഞ്ചേരിയിൽ വ്യാപാര സമുച്ചയത്തിൽ വൻതീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
text_fieldsമഞ്ചേരി: പഴയ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. രാത്രി എട്ടോടെയാണ് സംഭവം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചോല ഉമ്മറിന്‍റെ ബേബി സ്റ്റോറിനാണ് തീപിടിച്ചത്. പലചരക്ക്, സ്റ്റേഷനറി സാധനങ്ങളുടെ മൊത്തവിതരണ കേന്ദ്രമാണിത്.
മുകളിലത്തെ നിലയിലാണ് ആദ്യം തീ പിടിത്തം ഉണ്ടായത്. മറ്റുമുറികളിലേക്കും കത്തി പടരുകയായിരുന്നു. കടയിലുണ്ടായിരുന്ന ബിരിയാണി സാധനങ്ങൾ, അരിച്ചാക്കുകൾ, ഉപ്പ്, വെളിച്ചണ്ണ, ഓയിൽ, കടലാസ് പ്ലേറ്റ്, പലചരക്ക് സാധനങ്ങൾ എന്നിവയും കത്തിനശിച്ചു. മുറികളുടെ ഷട്ടറുകളും തകർന്നു. തീ പിടിത്ത കാരണം വ്യക്തമല്ല.
ചില മുറികൾ പ്രത്യേകം വേർതിരിച്ചിട്ടുണ്ടായിരുന്നില്ല. അതുകാരണം തീപടരുന്നത് വേഗത്തിലായി. ഷട്ടർ പൂട്ടിയിട്ടിരുന്നതിനാൽ കുത്തിതുറന്നാണ് തീ അണച്ചത്. ഒന്നാംനില പൂര്‍ണമായും തീ പടര്‍ന്ന് കത്തി നശിച്ചു. കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്കും തീ പടരുമെന്നായപ്പോള്‍ നാട്ടുകാര്‍ എടുത്തുമാറ്റി.
വൈദ്യുതി ലൈനിലേക്കും തീ പടര്‍ന്നതോടെ ബന്ധം വിച്ഛേദിച്ചു. ചുമട്ടുതൊഴിലാളി യൂനിയനുകളുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. മഞ്ചേരി, മലപ്പുറം, തിരുവാലി എന്നിവിടങ്ങളിൽ നിന്നും അഗ്നി രക്ഷാസേന യൂനിറ്റുകളെത്തി മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ അണച്ചത്. സമീപത്തുള്ള കച്ചവടക്കാരും വാഹന ഡ്രൈവര്‍മാരും സിഫിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.