20 വർഷത്തിന് ശേഷം വീണ്ടും വക്കീൽ കോട്ടണിഞ്ഞ് മുൻ എം.എൽ.എ എം. ഉമ്മർ
text_fieldsമഞ്ചേരി: നവാഗതനെ പോലെ പഴയ കോടതി വരാന്തയിൽ അദ്ദേഹം ഒരിക്കൽകൂടി എത്തി. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന് ഊരിവെച്ച കോട്ടും സ്യൂട്ടും ഗൗണും വീണ്ടുമണിഞ്ഞ് അഭിഭാഷകനായി. മുൻ എം.എൽ.എ എം. ഉമ്മറാണ് 20 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വക്കീലായി കോടതിയിലെത്തിയത്. സഹപ്രവർത്തകരെയും പുതിയ അഭിഭാഷകരെയും കണ്ടും സൗഹൃദം പുതുക്കി. ജനപ്രതിനിധി എന്നുള്ള ഭാരിച്ച ഉത്തരവാദിത്തം തീർന്നതോടെയാണ് വീണ്ടും കോടതിയിലെത്തിയതെന്നും അഭിഭാഷകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
20 വർഷം മുമ്പ് 50 അംഗങ്ങൾ മാത്രമേ ബാർ അസോസിയേഷനിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 700ഓളം അംഗങ്ങളും അതിൽ തന്നെ 300ലധികം വനിത അഭിഭാഷകരും ഉണ്ട്. നിയമരംഗത്ത് തന്നെ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.15 വർഷം എം.എൽ.എയും അഞ്ച് വർഷം ജില്ല പഞ്ചായത്ത് പ്രസിഡൻറും ആയി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചതോടെയാണ് അഭിഭാഷക രംഗത്ത് നിന്ന് താൽക്കാലികമായി വിട്ടുനിന്നത്. 1982ലാണ് എം. ഉമ്മർ അഭിഭാഷകനായി എൻറോൾ ചെയ്തത്. മൈസൂർ ലോ കോളജിൽനിന്ന് നിയമ പഠനം പൂർത്തിയാക്കിയാണ് മഞ്ചേരിയിലെത്തിയത്.
നിലവിലെ മഞ്ചേരി എം.എൽ.എ അഡ്വ. യു.എ. ലത്തീഫിെൻറ ജൂനിയറായാണ് കരിയർ ആരംഭിച്ചത്. 10 വർഷം കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റും തുടർന്നുള്ള 10 വർഷം ജില്ല പഞ്ചായത്ത് അംഗവും ആവുകയു ചെയ്തു. 2000-2005 വർഷം ജില്ല പഞ്ചായത്ത് പ്രസിഡൻറായതോടെയാണ് കോടതിയിൽനിന്ന് വിട്ടുനിന്നത്. 2005 മുതൽ മൂന്ന് തവണയായി 15 വർഷം മഞ്ചേരി, മലപ്പുറം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. നിയമം അറിയുന്നതുകൊണ്ട് സഭയിലെ അംഗങ്ങളെ ചട്ടം പഠിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു അദ്ദേഹം. മികച്ച നിയമസഭ സാമാജികനുള്ള ടി.എം. ജേക്കബ് പുരസ്കാരവും ലഭിച്ചു. തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നതോടെ കഴിഞ്ഞ വർഷം 'ചന്ദ്രിക'യുടെ മാനേജിങ് എഡിറ്ററായി ചുമതലയേറ്റിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യദിനം കേസുമായി സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.