മഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മിക്സഡ് സ്കൂളാക്കി സർക്കാർ ഉത്തരവ്
text_fieldsമഞ്ചേരി: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂൾ ആക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. 2025-26 അധ്യയനവർഷത്തിൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. സ്കൂൾ പ്രധാനാധ്യാപകൻ കഴിഞ്ഞ മേയ് 13ന് സർക്കാറിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാർ നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗവും സർക്കാറിലേക്ക് ശിപാർശ ചെയ്തിരുന്നു.
സ്കൂൾ തുടർച്ചയായി രണ്ടുവർഷമായി ഡിവിഷൻ ഫാൾ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വിദ്യാലയം മിക്സഡ് സ്കൂൾ ആക്കി മാറ്റുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കെ.ഇ.ആർ വ്യവസ്ഥകൾ പ്രകാരം സ്കൂളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്. ക്ലാസ് മുറികൾ, ഫർണിച്ചർ, കുടിവെള്ളം, ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ, ആവശ്യമായ കളിസ്ഥലം എന്നിവ ഒരുക്കിയിട്ടെണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
സ്കൂളിന്റെ മൂന്നുകിലോ മീറ്റർ ചുറ്റളവിൽ രണ്ട് ഗവ. സ്കൂളും (ഇതിലൊന്ന് ടെക്നിക്കൽ സ്കൂൾ) ഒരു എയ്ഡഡ് സ്കൂളുമാണ് ഉള്ളത്. സ്കൂൾ മിക്സഡ് ആക്കി മാറ്റുകയാണെങ്കിലും തൊട്ടടുത്തുള്ള വിദ്യാലയങ്ങളിലെ പ്രവേശനത്തെ ബാധിക്കുകയില്ലെന്നും സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് മിക്സഡ് ആക്കി ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചത്. സ്കൂളിലെ എൽ.പി വിഭാഗത്തിലും കുട്ടികളുടെ കുറവുവരുന്നുണ്ട്. ഈ സ്കൂൾ കാലങ്ങളായി എൽ.പി സ്കൂളെന്ന ആവശ്യം ഉന്നയിക്കുന്ന എലമ്പ്രയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.