മഞ്ചേരിയിലെ റോഡ് വീതികൂട്ടൽ സ്പെഷൽ കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ്
text_fieldsമഞ്ചേരി: സെൻട്രൽ ജങ്ഷൻ മുതൽ ജസീല ജങ്ഷൻ വരെ വീതികൂട്ടി നവീകരിക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നവർക്ക് ശേഷിക്കുന്ന സ്ഥലത്ത് ഇളവുകൾ നൽകാൻ സ്പെഷൽ കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. നഗരസഭ ചെയർപേഴ്സൻ (ചെയർ), കമ്മിറ്റി അംഗങ്ങളായി ജില്ല ടൗൺ പ്ലാനർ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, നഗരസഭ സെക്രട്ടറി അടക്കം അഞ്ചംഗ കമ്മിറ്റിയാണിത്.
കമ്മിറ്റിയുടെ ആദ്യയോഗം കഴിഞ്ഞ ദിവസം ചേർന്നു. നിലമ്പൂർ റോഡിലെ ഇരുവശങ്ങളിലെയും ഭൂവുടമകളുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. അഡ്വ.യു.എ. ലത്തീഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നേരേത്ത യോഗം വിളിച്ചിരുന്നു. ഇളവുകൾ ലഭിക്കുന്ന മുറക്ക് ഭൂമി വിട്ടുനൽകാൻ ഭൂവുടമകൾ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. റോഡിന്റെ സ്കെച്ച് തയാറാക്കാൻ നഗരസഭ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മഞ്ചേരി സെൻട്രൽ ഏരിയ ഡി.ടി.പി സ്കീമിൽ ഉൾപ്പെട്ട നിലമ്പൂർ റോഡ് വീതി കുറവായതിനാൽ പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ഇതോടെയാണ് വീതി കൂട്ടി നവീകരിക്കാൻ പദ്ധതി തയാറാക്കിയത്. 20 മീറ്റർ വീതിയിലാണ് വിഭാവനം ചെയ്യുന്നത്. അടുത്തുതന്നെ സർവേ നടത്തി മാർക്ക് ചെയ്യുന്ന നടപടികൾ ആരംഭിക്കുമെന്ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ എന്നിവർ അറിയിച്ചു. സ്ഥലം വിട്ടുനൽകാമെന്ന് അറിയിച്ചവർക്ക് കെട്ടിട നിർമാണച്ചട്ടം പ്രകാരം അനുവദനീയ ഇളവുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.