വാഹനമിടിച്ച് തകർന്ന ആനക്കയം പാലത്തിന്റെ കൈവരി; പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു
text_fieldsമഞ്ചേരി: പ്രതിഷേധങ്ങൾക്കൊടുവിൽ വാഹനമിടിച്ച് തകർന്ന ആനക്കയം പാലത്തിന്റെ കൈവരി പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പാലത്തിന്റെ കൈവരി പൂർണമായും മാറ്റുന്ന രീതിയിലാണിത്. കോൺക്രീറ്റിനുശേഷം പെയിൻറിങ് പ്രവൃത്തിയും നടക്കും. റോഡിനോട് ചേർന്ന് കോൺക്രീറ്റ് സ്ലാബ് നിർമിച്ച് മുകളിൽ കൈവരി സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
20 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി. ഒരു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും. തിരക്കേറിയ റോഡിൽ വാഹനങ്ങൾ കടന്നുപോകുന്നത് നിർമാണ പ്രവൃത്തിയെ ചെറിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. രണ്ടരമാസം മുമ്പാണ് പാലത്തിന്റെ കൈവരി മണ്ണുമാന്തി യന്ത്രം ഇടിച്ചു തകർന്നത്. അപകടത്തിന് ശേഷം താൽക്കാലിക വീപ്പകൾ സ്ഥാപിച്ചും ചുറ്റും റിബൺ കെട്ടുകയും ചെയ്തിരുന്നു. പിന്നീട് ലോറി ജഡ്ജിയുടെ കാറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ഒരാഴ്ചക്കുശേഷം റോഡിലേക്ക് തള്ളിനിന്ന വീപ്പയിൽ തട്ടാതിരിക്കാൻ വെട്ടിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ സ്വദേശി അഹമ്മദ് റിഷാബ് (18) മരിച്ചിരുന്നു. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. കൈവരി തകർന്നത് വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. അഞ്ച് മീറ്ററോളം നീളത്തിലാണ് കൈവരികൾ തകര്‍ന്നത്. കാലപ്പഴക്കം കാരണം പാലത്തിന്റെ മറ്റുഭാഗങ്ങളിലെ കൈവരിയുടെ ചിലഭാഗങ്ങളും തകർന്നിരുന്നു.
ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചത്. പാലത്തിന്റെ കൈവരി നന്നാക്കുന്നതിനോടൊപ്പം ലൈറ്റും നിരീക്ഷണ കാമറയും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാലത്തിന് സമീപം സ്പീഡ് േബ്രക്കറുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കണം. ചെക്ക്പോസ്റ്റ്മുതൽ ആനക്കയം അങ്ങാടി വരെ നടപ്പാതകൾ നിര്‍മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.