മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി 20ന് ആരോഗ്യമന്ത്രി സന്ദർശിക്കും
text_fieldsമെഡിക്കൽ കോളജ് ആശുപത്രിയെ സംബന്ധിച്ച നിരന്തര പരാതികളും നിവേദനങ്ങളും എം.എൽ.എയും നഗരസഭയും എൽ.ഡി.എഫ് നേതൃത്വവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിയമസഭയിൽ സബ് മിഷനും ഉന്നയിച്ചിരുന്നു. മെഡിക്കൽ കോളജ് സ്ഥാപിച്ചതോടെ ജില്ലക്ക് നഷ്ടമായ ജനറൽ ആശുപത്രിയും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. ഇതിന് പുറമെ മെഡിക്കൽ കോളജിൽ നിർമാണം പുരോഗമിക്കുന്ന പ്രവൃത്തികളും മന്ത്രി വിലയിരുത്തും.
ജൂലൈ 24ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാെൻറ അധ്യക്ഷതയിൽ ആശുപത്രിയിൽ യോഗം ചേർന്ന് നിർമാണ പ്രവൃത്തി വിലയിരുത്തുകയും നാല് പ്രവൃത്തികൾ വേഗം പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഒരു പ്രവൃത്തിയും പൂർത്തിയായിട്ടില്ല. ഇതും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്. ആദ്യമായാണ് പുതിയ ആരോഗ്യമന്ത്രി മഞ്ചേരി മെഡിക്കൽ കോളജിലെത്തുന്നത്.
നിർമാണ പ്രവൃത്തികൾക്ക് നഗരസഭയുടെ അനുമതിയില്ലെന്ന് വിവരാവകാശ രേഖ
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾക്ക് നഗരസഭയുടെ അനുമതിയില്ലെന്ന് വിവരാവകാശ രേഖ. ജനറൽ ആശുപത്രി -മെഡിക്കൽ കോളജ് സംരക്ഷണ സമിതി കൺവീനർ ഷൈൻ സത്യൻ നൽകിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
നഗരസഭയുടെ അനുമതി വാങ്ങാതെയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്ന് നഗരസഭ കെട്ടിട വിഭാഗം നൽകിയ മറുപടിയിൽ പറയുന്നു.കോടിക്കണക്കിന് രൂപയുടെ നിർമാണങ്ങളാണ് ആശുപത്രിയിൽ നടക്കുന്നത്. നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ സംബന്ധിച്ച വിവരം പോലും നഗരസഭ അധികൃതർക്ക് കൈമാറിയിട്ടില്ല. അനുമതിക്ക് അപേക്ഷ നൽകുക പോലും ചെയ്യാതെ നിർമിച്ച കെട്ടിടങ്ങൾ നിയമക്കുരുക്കിൽ നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി രണ്ട് ലക്ഷം രൂപ ആശുപത്രി അധികൃതർ നഗരസഭയിലേക്ക് അടച്ചു.
അനുമതി വാങ്ങാത്തതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ആശുപത്രിക്കുള്ളത്. ഇനിയും മൂന്ന് ലക്ഷത്തോളം രൂപ അടക്കേണ്ടതുണ്ട്. ഉള്ള സ്ഥലത്ത് മാസ്റ്റർ പ്ലാൻ ഇല്ലാതെ കെട്ടിടങ്ങൾ നിർമിക്കുകയാണ്.ഇത് ആശുപത്രിയിലെ വായുസഞ്ചാരത്തെ പോലും തടയുന്ന തരത്തിലാണ്.
അത്യാഹിത വിഭാഗത്തിെൻറ നവീകരണം നടത്തിയതും വായുസഞ്ചാരവും വെളിച്ചവും ഇല്ലാത്ത രീതിയിലാണ്. വീണ്ടും മാറ്റം വരുത്താൻ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ആശുപത്രിയുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.