സന്നദ്ധ സേവകർക്ക് വീട്ടമ്മയുടെ സ്നേഹവിരുന്ന്
text_fieldsമഞ്ചേരി: ലോക്ഡൗൺ സമയത്ത് തൃക്കലങ്ങോട് പഞ്ചായത്തിൽ സന്നദ്ധസേവനം നടത്തിയ യുവാക്കൾക്ക് ഗൃഹനാഥയുടെ സ്നേഹാദരം. കുട്ടശ്ശേരിയിലെ മഹല്ല് സെക്രട്ടറിയായിരുന്ന പരേതനായ കുട്ടശ്ശേരി അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ഫാത്വിമ ഹജ്ജുമ്മയാണ് ദുരിതസമയത്ത് നാട്ടുകാർക്ക് തുണയായി കൂടെ നിന്ന സന്നദ്ധ പ്രവർത്തകർക്ക് വീട്ടിൽ വിരുന്നൊരുക്കിയത്.
പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ രാപകൽ വിത്യാസമില്ലാതെ സൗജന്യ സേവനം നടത്തിയ വലിയപൊയിലിലെ വൈറ്റ് ഗാർഡ് അംഗങ്ങൾക്കാണ് സ്നേഹവിരുന്ന് ഒരുക്കിയത്. ഉപഹാരവും നൽകിയാണ് പ്രവർത്തകരെ യാത്രയാക്കിയത്.
സ്വയം സമർപ്പിതരായ സന്നദ്ധ സേവകരെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പത്രങ്ങളിൽ കണ്ടും മക്കളും പേരക്കുട്ടികളും പറയുന്നത് കേട്ടുമാണ് ഗൃഹനാഥ വിരുന്നൊരുക്കാൻ തീരുമാനിച്ചത്. മകൻ കുഞ്ഞിമുഹമ്മദ് ദാരിമി ഉപഹാരം പ്രവർത്തകർക്ക് കൈമാറി.
സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മഞ്ചേരി മണ്ഡലം ക്യാപ്റ്റൻ നഷീദ് തോട്ടുപൊയിൽ ഉദ്ഘാടനം ചെയ്തു. അഷ്റഫ് വലിയപൊയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോ ഓഡിനേറ്റർ ശറഫു കാരക്കുന്ന് മുഖ്യാതിഥിയായിരുന്നു. സി.കെ. നാഫിഹ്, ആഷിക് നാണി, സുഹൈൽ കണ്ണേങ്ങൽ, സി.കെ. സുഹൈർ, സുഹൈൽ കുഞ്ഞിപ്പ, സി.കെ. സിദ്ദീഖ്, നിസാബ് കുട്ടശ്ശേരി എന്നിവർ പങ്കെടുത്തു. മൃതദേഹ സംസ്കരണം, അണു നശീകരണം, ഫോഗിങ്, മെഡിചെയിൻ സർവിസ് തുടങ്ങിയ സേവന പ്രവർത്തനങ്ങളാണ് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.