തെരുവുനായ്ക്കളെ പിടികൂടി; ഭക്ഷണം നൽകി മാറ്റി പാർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsമഞ്ചേരി: ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പിടികൂടി മൃഗസ്നേഹികളുടെ സഹായത്തോടെ ഭക്ഷണം നൽകി മാറ്റി പാർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മഞ്ചേരി നഗരത്തിലെ തെരുവുനായ് ശല്യത്തിനെതിരെ സാമൂഹിക പ്രവർത്തകൻ കൊടവണ്ടി ഹമീദ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിെൻറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കൂടുതൽ നായ്ക്കളെ കുറഞ്ഞ സമയത്തിനുള്ളിൽ വന്ധ്യംകരണം ചെയ്ത് അവയുടെ അക്രമസ്വഭാവം ലഘൂകരിക്കാൻ നടപടിയെടുക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളെ ദത്തെടുക്കാൻ സംവിധാനമേർപ്പെടുത്തണം. പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തി നിശ്ചിത സമയങ്ങളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ താൽപര്യമുള്ളവരെ കണ്ടെത്തി സൗകര്യമൊരുക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. നിലവിൽ നടപ്പാക്കി വരുന്ന എ.ബി.സി പദ്ധതി ഊർജിതപ്പെടുത്തണമെന്നും നഗരസഭ സെക്രട്ടറി പ്രത്യേക താൽപര്യമെടുക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
തെരുവുനായ് ശല്യം ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ ഒരുമാസത്തിനകം അറിയിക്കണമെന്നും കമീഷൻ വ്യക്തമാക്കി. നായ്ക്കളെ ഉന്മൂലനം ചെയ്യാൻ നിയമ തടസ്സമുണ്ടെന്നും അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രകാരം നായ്ക്കളെ വന്ധ്യംകരണം നടത്താൻ ജില്ല പഞ്ചായത്ത് മുഖേന നടപടികൾ സ്വീകരിച്ച് വരുകയാണെന്നും ഇതിനായി കുടുംബശ്രീ യൂനിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് കമീഷനെ അറിയിച്ചു. നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.