മഞ്ചേരിയിലെ ജില്ല കോടതി ഉദ്ഘാടനം ഇന്ന്
text_fieldsമലപ്പുറം: ജില്ല കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയം ഞായറാഴ്ച ഹൈകോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ജഡ്ജി കെ. സനൽകുമാർ മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
മലപ്പുറം ജില്ല രൂപവത്കൃതമായപ്പോഴും ജില്ല കോടതിയും സബ് കോടതിയും കോഴിക്കോട്ടുതന്നെയാണ് പ്രവർത്തിച്ചിരുന്നത്. 1974ലാണ് മഞ്ചേരിയിലേക്ക് ജില്ല കോടതി മാറ്റിസ്ഥാപിച്ചത്. അന്നുമുതലുള്ള കെട്ടിടത്തിൽതന്നെയാണ് കോടതികൾ പ്രവർത്തിക്കുന്നത്. ആറ് കോടതികൾ കോർട്ട് കോംപ്ലക്സിന് പുറത്ത് വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് ഈ കോടതികൾ മാറുന്നതോടെ ഒരു കുടക്കീഴിൽ കേസുകൾക്ക് പരിഹാരം കാണാൻ സൗകര്യമാവും.
ജില്ലയിൽ കേസുകളുടെ ആധിക്യമുണ്ടെന്ന് പറയാനാവില്ലെന്ന് ജഡ്ജി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതേസമയം, പോക്സോ കേസുകളിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല. എട്ട് ഫാസ്റ്റ് ട്രാക്ക് കോടതികൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഫാസ്റ്റ് ട്രാക്ക സ്പെഷൽ കോടതി ജഡ്ജി എ.എം. അഷ്റഫ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി.എം. സുരേഷ്, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.സി. മുഹമ്മദ് അഷ്റഫ്, സെക്രട്ടറി കെ.കെ. മുഹമ്മദ് അക്ബർ കോയ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.