തൃക്കലങ്ങോട്ട് വിതരണത്തിനെത്തിച്ച ആടുകൾ രോഗം ബാധിച്ചവ
text_fieldsമഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ 2021-22 വർഷത്തെ വ്യക്തിഗത ആനുകൂല്യത്തിൽ ഉൾപ്പെടുത്തി വിതരണം ചെയ്യാനെത്തിച്ച ആടുകൾ രോഗം ബാധിച്ചവയും തൂക്കം ഇല്ലാത്തതുമാണെന്ന് പരാതി.
ഇതോടെ ആടുകൾ വിതരണം ചെയ്യാതെ മടക്കി അയച്ചു. തിങ്കളാഴ്ച രാവിലെയാണ് ആടുകളെ വിതരണത്തിനായി പഞ്ചായത്ത് ഓഫിസിൽ എത്തിച്ചത്. ജനറൽ വിഭാഗത്തിന് 8,000 രൂപ, പട്ടികജാതി വിഭാഗത്തിന് 4,000 രൂപ പ്രകാരം ഗുണഭോകൃത വിഹിതം അടച്ചാണ് ആടിനെ കൈപ്പറ്റേണ്ടിയിരുന്നത്.
ജനറൽ വിഭാഗത്തിൽ 116 ഗുണഭോക്താക്കളും എസ്.സി വിഭാഗത്തിൽ 56 ഗുണഭോക്താക്കളും അടക്കം 172 പേർ ആയിരുന്നു പദ്ധതിയിൽ ഉൾപ്പെട്ടത്.
ഇവർക്ക് രണ്ടുവീതം ആടുകളാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ 30 ഗുണഭോക്താക്കൾക്ക് നൽകാൻ 60 ആടുകളാണ് മൂന്ന് വാഹനത്തിലായി എത്തിച്ചത്. എന്നാൽ, ആടുകൾക്ക് തൂക്കം കുറവാണെന്നും അസുഖം ബാധിച്ചിട്ടുണ്ടെന്നും ഗുണഭോക്താക്കൾ പരാതിപ്പെട്ടു.
ആട് വളർത്തി ഉപജീവനം നടത്താമെന്ന ഉദ്ദേശത്തിൽ വാങ്ങാനെത്തിയ പഞ്ചായത്തിലെ പാവപ്പെട്ട സ്ത്രീകളെ വഞ്ചിക്കരുതെന്നും വിതരണത്തിൽ ക്രമക്കേടുണ്ടെന്നും പ്രതിപക്ഷ നേതാവ് എം. ജസീർ കുരിക്കൾ പറഞ്ഞു. എന്നാൽ, ഗുണഭോക്താക്കളുടെ പരാതിയെ തുടർന്ന് വെറ്ററിനറി ഡോക്ടറുടെ നിർദേശ പ്രകാരമാണ് തിരിച്ചയച്ചെതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ്, വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് എന്നിവർ പറഞ്ഞു. ഗുണനിലവാരമുള്ള ആടുകളെ തിരിച്ച് എത്തിക്കാൻ സ്വകാര്യ ഏജൻസിക്ക് നിർദേശം നൽകിയതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.