മഞ്ഞപ്പിത്തം: പുൽപറ്റ പഞ്ചായത്തിൽ കർശന ജാഗ്രത നിർദേശം
text_fieldsമഞ്ചേരി: പുൽപറ്റ പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും കർശന ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ 15ലധികം പേർ ചികിത്സയിലാണ്. ഇതിൽ എട്ടിലധികം പേർ ഒരേ പ്രദേശത്തുള്ളവരാണ്.
ആശാപ്രവർത്തകർ, ആരോഗ്യ ജാഗ്രത വളൻറിയർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. പ്രതിരോധ പ്രവർത്തന ഭാഗമായി കിണറുകളിൽ സൂപ്പർ ക്ലോറിഷേൻ നടത്തി. ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ച് വരികയാണ്. വഴിയോരങ്ങളിൽ അനധികൃതമായി പാനീയങ്ങൾ വിൽപന നടത്തുന്നത് കർശനമായി തടയും. വിവാഹം, സൽക്കാരം തുടങ്ങി മറ്റു പരിപാടികളിലും പൊതുപരിപാടികളിലും നൽകുന്ന കുടിവെള്ളം തിളപ്പിച്ചാറിയതും കടകളിൽ ജ്യൂസുകൾ തിളപ്പിച്ചാറിയ വെള്ളത്തിൽ തയാറാക്കാനും നിർദേശം നൽകി.
ജല ദൗർലഭ്യമുള്ള ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കൈവശം അംഗീകൃത ഗുണ നിലവാര പരിശോധന റിപ്പോർട്ട് ഉണ്ടായിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സ്കൂൾ, അംഗൻവാടികൾ, മദ്റസകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഫുഡ് ഫെസ്റ്റ്, ഭക്ഷണ പാനീയ വിതരണമടക്കം നടത്തരുതെന്നും നിർദേശമുണ്ട്. കുടിവെള്ളമെടുക്കുന്ന എല്ലാ കിണറുകളും ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ നടത്താനും തീരുമാനിച്ചു. രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.സി. അബ്ദുറഹിമാൻ, തൃപ്പനച്ചി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി. ഷൗക്കത്തലി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.