റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം താളംതെറ്റുന്നു
text_fieldsമഞ്ചേരി: ജില്ലയിൽ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം താളംതെറ്റുന്നു. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്തത് പ്രതിസന്ധിക്ക് കാരണം. ഇതോടെ ജില്ലയിലെ 1102 റേഷൻ കടകളിൽ ആവശ്യത്തിന് മണ്ണെണ്ണ എത്തുന്നില്ല. യഥാസമയം, മണ്ണെണ്ണ ലഭിക്കാതെ വരുന്നതോടെ കാർഡുടമകൾക്കും പ്രയാസം സൃഷ്ടിക്കുന്നു. ജില്ലയിൽ ഏഴ് താലൂക്കുകളിലെ റേഷൻ കടകളിൽ വിതരണത്തിനായി 2,66,292 ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. എന്നാൽ 96,000 ലിറ്റർ മണ്ണെണ്ണയാണ് ഇതുവരെ റേഷൻ കടകളിൽ എത്തിയത്.
പിങ്ക് കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്ററും മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും വീട് വൈദ്യുതീകരിക്കാത്ത കാർഡുകാർക്ക് ആറ് ലിറ്ററുമാണ് വിഹിതം. ഏറ്റവും കൂടുതൽ റേഷൻ കടകളുള്ള തിരൂർ താലൂക്കിൽ 24,000 ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചത്. തിരൂർ ഒഴികെയുള്ള താലൂക്കുകളിലേക്ക് 12,000 ലിറ്റർ മണ്ണെണ്ണയും എത്തി. തിരൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ മണ്ണെണ്ണ വിതരണം ചെയ്യേണ്ടത്.
225 റേഷൻ കടകളുള്ള നിലമ്പൂർ താലൂക്കിൽ വിതരണത്തിനായി 49,499 ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. എന്നാൽ എത്തിയതാകട്ടെ 12,000 ലിറ്റർ മാത്രവും. ആറ് ലിറ്റർ വാങ്ങുന്ന 538 കാർഡുടമകളും ഒരു ലിറ്റർ ലഭിക്കുന്ന 10,784 കാർഡുടമകളും അര ലിറ്റർ വീതം ലഭിക്കുന്ന 70,974 ഗുണഭോക്താക്കളും താലൂക്കിൽ ഉണ്ട്. തിരൂരിൽ 94,287 കാർഡുടമകൾ അരലിറ്റർ വാങ്ങുന്നവരാണ്. പതിനായിരത്തിന് മുകളിൽ ഒരു ലിറ്റർ വാങ്ങുന്നവരും ഉണ്ട്. ഇവർക്ക് വിതരണം ചെയ്യാനുള്ള പകുതി മണ്ണെണ്ണ പോലും റേഷൻ കടകളിൽ ഇല്ല. 177 റേഷൻ കടകളുള്ള ഏറനാട്ടിൽ വിതരണം ചെയ്യാൻ 38,854 ലിറ്ററാണ് വേണ്ടത്. വീട് വൈദ്യുതീകരിക്കാത്ത 429 കാർഡുടമകളാണ് ഏറനാട് താലൂക്കിൽ ഉള്ളത്. ഇവർക്ക് 50 ശതമാനം മണ്ണെണ്ണ പോലും നൽകാനാവില്ല. കൊണ്ടോട്ടി താലൂക്കിൽ 121 റേഷൻ കടകളിലേക്ക് 24,339 ലിറ്റർ മണ്ണെണ്ണ വേണം.
പെരിന്തൽമണ്ണ താലൂക്കിൽ 34,669 ലിറ്ററും വേണം. ഇവിടെ 171 റേഷൻ കടകളും ഉണ്ട്. പൊന്നാനിയിൽ 127, തിരൂരങ്ങാടിയിൽ 152 ഉം കടകൾ ഉണ്ട്. രണ്ടിടങ്ങളിലായി 61,665 ലിറ്റർ മണ്ണെണ്ണ വേണം. ഇവിടെ എത്തിയത് 24,000 ലിറ്ററാണ്. മണ്ണെണ്ണയുടെ വിഹിതം കുറഞ്ഞതോടെ കാർഡുടമകൾക്ക് അർഹതപ്പെട്ട വിഹിതം പൂർണമായി നൽകാൻ കഴിയാത്ത സ്ഥിതിയാണ്. മുൻകാലങ്ങളിൽ എല്ലാവിഭാഗം കാർഡുടമകൾക്കും മാസത്തിലൊരിക്കൽ മണ്ണെണ്ണ ലഭിച്ചിരുന്നു. കേന്ദ്രം വിഹിതം പലഘട്ടങ്ങളിലായി കുറച്ചതോടെ വിതരണം മൂന്ന് മാസത്തിലൊരിക്കലാക്കി. മുൻഗണനാ വിഭാഗക്കാർക്കും വൈദ്യുതി ഇല്ലാത്തവർക്കും മാത്രമാണ് ഇപ്പോൾ മണ്ണെണ്ണ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.