മെഡിക്കൽ കോളജിൽ ഫണ്ടില്ല ചികിത്സ മുടങ്ങുമെന്ന് ആശുപത്രി അധികൃതർ
text_fieldsമഞ്ചേരി: ദിനംപ്രതി ഒട്ടേറെ രോഗികൾ ആശ്രയിക്കുന്ന മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിന് ഫണ്ടില്ല. സർക്കാറിൽ നിന്ന് ഫണ്ട് ലഭിച്ചില്ലെങ്കിൽ അടിയന്തര സ്വഭാവമുള്ള പല ചികിത്സകളും മുടങ്ങുമെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ട് ജില്ല മെഡിക്കൽ ഓഫിസർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി, ജില്ല പ്രോഗ്രാം മാനേജർ, കാസ്പ് നോഡൽ ഓഫിസർ എന്നിവർക്ക് കത്ത് നൽകി. കേന്ദ്ര, സംസ്ഥാന ഫണ്ട് ലഭിക്കാതായതോടെയാണ് ആശുപത്രി കടക്കെണിയിലായത്. വിവിധ സ്കീമുകളിലായി 22 കോടിയോളം രൂപയാണ് മെഡിക്കൽ കോളജ് ആശുപത്രിക്ക് ലഭിക്കാനുള്ളത്.
കാസ്പ് 18.53 കോടി, കെ.ബി.എഫ് 3.28 കോടിയും ആരോഗ്യ കിരണം പദ്ധതിയിൽ ഒരു കോടിയിലേറെ രൂപയും കിട്ടാനുണ്ട്. ഇതിൽ നാല് കോടിയോളം രൂപ കാർഡിയോളജി വിഭാഗത്തിലേക്ക് സ്റ്റെൻറ് വാങ്ങിയ ഇനത്തിലും രണ്ടര കോടിയോളം രൂപ ലാബ്, ഫാർമസി, എം.ആർ.ഐ സ്കാനിങ് ചാർജ് ഇനത്തിലും നൽകാനുണ്ട്.
ഗർഭിണികളുടെ ജെ.എസ്.എസ്.കെ പദ്ധതിയിലെ ചികിത്സയും മാതൃയാനം പദ്ധതിയും കുട്ടികളുടെ ആർ.ബി.എസ്.കെ പദ്ധതിയും മുടങ്ങുമെന്ന് ജില്ല മെഡിക്കൽ ഓഫിസറെ അറിയിച്ചു. കാസ്പ് പദ്ധതി മുഖേന നിയമിച്ച താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് 48 ലക്ഷം രൂപയും ആവശ്യമുണ്ട്. ഫണ്ട് ലഭിച്ചില്ലെങ്കിൽ ജീവനക്കാർക്ക് ഈ മാസത്തെ വേതനം നൽകാനാവില്ല.
കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി രോഗികൾക്ക് സേവനം നൽകിയതിന് മാത്രം 18.53 കോടി രൂപ ആശുപത്രിക്ക് ലഭിക്കാനുണ്ട്.
കാരുണ്യ ബെനവലൻറ് ഫണ്ട് സ്കീമിൽ 3.28 കോടി രൂപ കുടിശ്ശികയാണ്. ആരോഗ്യകിരണം പദ്ധതിയിൽ ഒ.പി വിഭാഗത്തിൽ 1.22 കോടിയും ഐ.പി വിഭാഗത്തിൽ 7.80 ലക്ഷം രൂപയും ആശുപത്രിക്ക് ലഭിക്കാനുണ്ട്. ലഭിക്കാനുള്ള 22 കോടിയിൽ നിന്ന് അഞ്ച് കോടി രൂപയെങ്കിലും ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് 38 ലക്ഷം രൂപയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ മാസം രണ്ട് തവണ ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നൽകേണ്ട തുകയാണിത്. കുടിശ്ശിക കൊടുത്ത് തീർക്കാതിരുന്നാൽ കാർഡിയോളജി പോലുള്ള അടിയന്തര സ്വഭാവമുള്ള ചികിത്സകൾ മുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് വിവിധ വകുപ്പുകൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
അഞ്ച് കോടി രൂപയെങ്കിലും അടിയന്തരമായി ലഭിക്കണമെന്നാണ് കത്തിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.