മഞ്ചേരി മെഡിക്കൽ കോളജിന് ഭൂമി ഏറ്റെടുക്കൽ; പ്രതിഷേധവുമായി ഭൂവുടമകൾ
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് വികസനത്തിന് പുതുതായി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഭൂവുടമകൾ. ഭൂവുടമകളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ കമ്മിറ്റി രൂപവത്കരിച്ചു. സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കാൻ 13 കോടി രൂപയും അതിർത്തി നിർണയത്തിന് 50 ലക്ഷവും സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഉയരുന്നത്. 23/38 മുതല്‍ 25/01 വരെ സര്‍വേ നമ്പറിലുള്ള ഭൂമികൾ ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, നിയമപരമായി ഒന്നും ചെയ്യാതെ അന്യായമായി ഭൂമി ഏറ്റെടുക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഭൂവുടമകൾ ആരോപിച്ചു. ഭൂമി വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഉടമകൾ. 21 സർവേ നമ്പറുകളിലായുള്ള ഭൂമി 32 ഉടമകളുടെ പേരിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി, ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ജില്ല കലക്ടർ, എം.പി, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.
നിലവിൽ സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന മെഡിക്കൽ കോളജിന് പുതുതായി സ്ഥലം ഏറ്റെടുത്തില്ലെങ്കിൽ ആശുപത്രി വികസനം പ്രതിസന്ധിയിലാകും. മറ്റു മെഡിക്കൽ കോളജുകൾക്ക് നൂറ് ഏക്കറിന് മുകളിൽ സ്ഥലം ഉള്ളപ്പോൾ മഞ്ചേരിക്ക് വെറും 23 ഏക്കർ മാത്രമാണുള്ളത്. നഗരത്തിൽ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുത്തത് കൊണ്ട് മെഡിക്കൽ കോളജ് വികസനം എവിടെയും എത്തില്ലെന്ന് ഭൂവുടമകൾ പറഞ്ഞു. തുടർനടപടികൾക്കായി കെ.സി. നന്ദിനി തമ്പാട്ടി ചെയർമാനും അഡ്വ. രാജേഷ് വൈസ് ചെയർമാനും സാസിബ് കൺവീനറും വി.പി. ഉണ്ണികൃഷ്ണൻ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.