കാവനൂരിൽ എം.സി.എഫ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ലീഗ്-കോൺഗ്രസ് തർക്കം
text_fieldsമഞ്ചേരി: മുസ്ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് കാവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹർബാൻ ശരീഫ് രാജിവച്ചു. കോൺഗ്രസിന്റെ എതിർപ്പ് മറികടന്ന് കാവനൂർ മട്ടത്തിരിക്കുന്നിൽ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ലീഗ്-കോൺഗ്രസ് വേർപിരിയലിലെത്തിച്ചത്. ലീഗ് നടപടിയിൽ പ്രതിഷേധിച്ച് കാവനൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി. ബാലസുബ്രമണ്യനും സ്ഥാനം ഒഴിഞ്ഞതായി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്തിലെ 13ാം വാർഡായ മട്ടത്തിരിക്കുന്നിൽ എം.സി.എഫ് കേന്ദ്രം തുടങ്ങാൻ കഴിഞ്ഞ വർഷം ഭരണസമിതി തീരുമാനിച്ചിരുന്നു. മാലിന്യവുമായെത്തിയ ലോറി പ്രദേശത്തുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞു. തീരുമാനത്തിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. യു.ഡി.എഫിൽ ഭിന്നത രൂക്ഷമായതോടെ സി.പി.എം അംഗങ്ങൾ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
ഇതോടെ പി.കെ. ബഷീർ എം.എൽ.എ, എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.ടി. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മട്ടത്തിരിക്കുന്നിൽ എം.സി.എഫ് സ്ഥാപിക്കേണ്ടെന്ന തീരുമാനം എടുത്തിരുന്നു. തുടർന്ന് കോൺഗ്രസും ലീഗും ഒന്നിച്ച് നിന്ന് സി.പി.എമ്മിന്റെ അവിശ്വാസത്തെ പരാജയപ്പെടുത്തി. എന്നാൽ യു.ഡി.എഫ് നേതാക്കളുടെ തീരുമാനം ലംഘിച്ച് മട്ടത്തിരിക്കുന്നിലേക്ക് വീണ്ടും കേന്ദ്രം കൊണ്ടുവരാനാണ് ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പഞ്ചായത്തിൽ മുസ്ലിം ലീഗ് അംഗം പി.വി. ഉസ്മാൻ പ്രസിഡന്റും കോൺഗ്രസിലെ ഷഹർബാൻ ശരീഫ് വൈസ് പ്രസിഡന്റുമായ യു.ഡി.എഫ് ഭരണസമിതിയാണ് ഭരിച്ചിരുന്നത്. ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ച് വൈസ് പ്രസിഡന്റ് രാജിവെച്ചതോടെ ഭരണസമിതിയുടെ ഭാവി തുലാസിലായി. മുസ്ലിം ലീഗിന് ഒമ്പതും സി.പി.എമ്മിന് ഏഴും കോൺഗ്രസിന് മൂന്ന് അംഗങ്ങളുമാണുള്ളത്.
കോൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചാൽ ലീഗിന് ഭരണം നഷ്ടമാകും. വാർത്തസമ്മേളനത്തിൽ കാവനൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.രാജീവ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുസ്തഫ കമാൽ, യു.ഡി.എഫ് ചെയർമാൻ ടി. ബാലസുബ്രമണ്യൻ, അംഗം ഷഹർബാൻ ശരീഫ്, അനിതാ രാജൻ, എൻ.ടി ദിവ്യാ രതീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.