മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം
text_fieldsമഞ്ചേരി: ലോക്സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ ജങ്ഷനിലേക്ക് പാർട്ടി പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാവില്ല. മൂന്ന് മുന്നണികൾക്കുമായി നഗരത്തിലെ മൂന്ന് റോഡുകൾ നൽകും. സെൻട്രൽ ജങ്ഷനിൽ നിന്നും 100 മീറ്റർ മാറി കോഴിക്കോട് റോഡിലാണ് യു.ഡി.എഫിന്റെ കലാശക്കൊട്ടിന് സ്ഥലം അനുവദിച്ചത്. പാണ്ടിക്കാട് റോഡിൽ എൽ.ഡി.എഫിനും നിലമ്പൂർ റോഡിൽ എൻ.ഡി.എക്കും കലാശക്കൊട്ട് നടത്താം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണിത്. വാഹനങ്ങൾക്ക് കടന്നുപോകുന്നതിനായി ഒരു ഭാഗം ഒഴിച്ചിടേണ്ടി വരും. തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തുന്നതിന് തിങ്കളാഴ്ച താലൂക്ക് ഓഫിസിൽ ചേർന്ന വിവിധ വകുപ്പുതല മേധാവിമാരുടെ യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.
ഏറനാട് താലൂക്കിന് കീഴിലുള്ള മൂന്ന് മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലേക്കെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സ്ഥലം കണ്ടെത്തി. മഞ്ചേരി നിയമസഭ മണ്ഡലത്തിന് കീഴിലെ ബൂത്തിലേക്ക് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് സാധനങ്ങൾ വിതരണം ചെയ്യുക. ഇവിടങ്ങളിലേക്ക് എത്തുന്ന പോളിങ് ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാനായി ഏർപ്പെടുത്തി വാഹനങ്ങളും ജീവനക്കാരുടെ വാഹനങ്ങളും കച്ചേരിപ്പടി ഐ.ജി.ബി.ടി ബസ് സ്റ്റാൻഡിലും എതിർവശത്തുള്ള ഒഴിഞ്ഞ സ്ഥലത്തുമായി പാർക്ക് ചെയ്യണം. ഏറനാട് മണ്ഡലത്തിലേക്ക് ചുള്ളക്കാട് സ്കൂളിൽ നിന്നാണ് വിതരണം ചെയ്യുക. ഇവിടേക്കെത്തുന്ന വാഹനങ്ങൾ സി.എസ്.ഐ ചർച്ചിൻറെ പരിസരത്തും പാർക്ക് ചെയ്യാം. മലപ്പുറം മണ്ഡലത്തിന്റേത് ഗവ.കോളജിലും സജ്ജമാക്കും. വ്യാഴാഴ്ച രാവിലെ ആറ് മുതൽ വിതരണ കേന്ദ്രങ്ങൾ സജ്ജമാകും. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെയും സിവിൽ ഡിഫൻസ് അംഗങ്ങളെയും ചുമതലപ്പെടുത്തി.
വിതരണ കേന്ദ്രങ്ങളിൽ ചാർജ്ജ് ഓഫിസർമാരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം തയാറാക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടതടവില്ലാതെ വൈദ്യതി ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളവും സജ്ജമാക്കും. നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗത്തിൻറെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തും. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന പരിശോധന നടത്താനും വിതരണ കേന്ദ്രങ്ങളിൽ ഗ്രീൻ പ്രോട്ടോക്കാൾ പാലിക്കാനും യോഗം തീരുമാനിച്ചു.
ഭൂരേഖാ തഹസിൽദാർ കെ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ കെ. മുകുന്ദൻ, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എം. ബിനീഷ്, എടവണ്ണ പൊലീസ് ഇൻസ്പെക്ടർ ഇ. ബാബു, എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനു, ഫയർ ഓഫിസർ പി. പ്രദീപ്, നഗരസഭ സൂപ്രണ്ട് പ്രദീപൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സലീം, മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. സജിൻലാൽ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് കെ.പി. അൻസാർ, ടി. അർഷദ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.