മഞ്ചേരിക്ക് മാത്രം ഫണ്ടില്ല; രണ്ടാം ഘട്ട സൗന്ദര്യവത്കരണ പദ്ധതിക്ക് റെഡ് സിഗ്നൽ
text_fieldsമഞ്ചേരി: മലപ്പുറം റോഡിൽ മെഡിക്കൽ കോളജ് ആശുപത്രി മുതൽ കച്ചേരിപ്പടി വരെ നടപ്പാത തെളിയാൻ ഇനിയും കാത്തിരിക്കണം. സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാണിച്ച് രണ്ടാംഘട്ട സൗന്ദര്യവത്കരണ പദ്ധതി ഉപേക്ഷിച്ചു. എന്നാൽ, മഞ്ചേരിക്ക് മാത്രമാണ് ഈ പ്രശ്നമെന്ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ആരോപിക്കുന്നു. മഞ്ചേരിയോടുള്ള അവഗണനക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന് എം.എൽ.എ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ആശുപത്രിപ്പടി മുതൽ കച്ചേരിപ്പടി വരെ വീതികൂട്ടി നടപ്പാത നവീകരിക്കാനാണ് പദ്ധതി തയാറാക്കിയിരുന്നത്. 2021ൽ ഒരുകോടി രൂപയുടെ പദ്ധതി തയാറാക്കി സമർപ്പിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. നടപ്പാത ഇല്ലാത്തതിനാൽ കാൽനടപോലും പ്രയാസമാണ്. ഒട്ടും സുരക്ഷയില്ലാത്ത രീതിയിലാണ് മെഡിക്കൽ കോളജ് മുതൽ കച്ചേരിപ്പടി വരെ റോഡിന്റെ സ്ഥിതി.
നടപ്പാതയിലെ വാഹന പാർക്കിങ്ങും ദുരിതമാണ്. ടൈലുകൾ വിരിച്ച ശേഷം കൈവരികളും സ്ഥാപിച്ചാൽ കാൽനടയാത്ര സുഗമമാകും. ഇതിനാണ് പദ്ധതി തയാറാക്കിയത്. കഴിഞ്ഞവർഷം സെൻട്രൽ ജങ്ഷൻ മുതൽ മെഡിക്കൽ കോളജ് വരെ ഭാഗം വീതി കൂട്ടി നടപ്പാത നവീകരിച്ചിരുന്നു. മലപ്പുറം റോഡിലെ ഓവുചാലും നടപ്പാതയും വർഷങ്ങളായി തകർന്നുകിടന്നിരുന്നു. ഇത് മെഡിക്കൽ കോളജിലേക്ക് അടക്കമുള്ള കാൽനടക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. മഴക്കാലത്ത് വെള്ളം മുഴുവൻ റോഡിലൂടെ ഒഴുകുന്നതും നിത്യസംഭവമായിരുന്നു. ഇതോടെയാണ് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാത നവീകരിച്ചത്.
മുൻ എം.എൽ.എ അഡ്വ.എം. ഉമ്മറിന്റെ ശ്രമഫലമായി ഒരുകോടി രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. കാഴ്ചപരിമിതർക്കുകൂടി സൗകര്യപ്രദമാകുന്ന രീതിയിൽ ടൈലുകൾ വിരിച്ചായിരുന്നു നടപ്പാത നവീകരണം. കൈവരിയും സ്ഥാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.