മഞ്ചേരി ഗേൾസ് എൽ.പി വിഭാഗം എലമ്പ്രയിലേക്ക് മാറ്റൽ; പൊതുവിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി
text_fieldsമഞ്ചേരി: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന എൽ.പി വിഭാഗം എലമ്പ്രയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി.
അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി. വിശദമായ റിപ്പോർട്ടും വ്യക്തമായ ശിപാർശയും സഹിതം റിപ്പോർട്ട് തയാറാക്കാനാണ് അണ്ടർ സെക്രട്ടറി എൽ. സുധില ഇറക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ഗേൾസ് സ്കൂളിന് കീഴിലെ എൽ.പി വിഭാഗത്തിൽ കുട്ടികൾ കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. ഇതോടെയാണ് കാലങ്ങളായി എൽ.പി സ്കൂളെന്ന ആവശ്യം ഉന്നയിക്കുന്ന എലമ്പ്രയിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് ചർച്ച ഉയർന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദയും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
എലമ്പ്ര സ്വദേശി തേനത്ത് മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ നാട്ടുകാരും സ്കൂളിനായി ശ്രമം നടത്തി വരികയാണ്. സ്കൂളിന് കെട്ടിടം നിർമിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ 30 വർഷം മുമ്പ് ഒരേക്കർ സ്ഥലം വാങ്ങിയിരുന്നു.
ഈ പ്രദേശത്തിന്റെ മൂന്ന് കിലോ മീറ്റർ പരിധിയിൽ നിലവിൽ പ്രൈമറി സ്കൂളുകൾ ഇല്ല. ചെറുകുളം ജി.എൽ.പി സ്കൂൾ, തോട്ടുപൊയിൽ ജി.എൽ.എപി സ്കൂൾ എന്നിവ മൂന്ന് കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ചെറാംകുത്ത് എൽ.പി സ്കൂൾ നാല് കിലോ മീറ്റർ മാറിയും വടക്കാങ്ങര ജി.എൽ.പി സ്കൂൾ അഞ്ച് കിലോ മീറ്റർ മാറിയുമാണ് സ്ഥിതി ചെയ്യുന്നത്.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന മേഖലയാണിത്. ഓട്ടോറിക്ഷകളിൽ കുട്ടികളെ കുത്തിനിറച്ചാണ് മറ്റു സ്കൂളുകളിലേക്ക് വിദ്യാർഥികൾ പോകുന്നത്.
നാട്ടുകാർ കണ്ടെത്തിയ സ്ഥലത്ത് ആവശ്യമായ കെട്ടിട സൗകര്യം ഒരുക്കാമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. തസ്തിക നഷ്ടപ്പെട്ട് അധ്യാപക ബാങ്കിൽ ഉൾപ്പെട്ട അധ്യാപകരെ നിയോഗിച്ചാൽ അധ്യാപക നിയമന കാര്യത്തിലും സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ച കത്തിൽ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.
സ്കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
സ്കൂൾ എലമ്പ്രയിലേക്ക് മാറ്റണം -സി.പി.എം
മഞ്ചേരി: പഠന സൗകര്യമില്ലാത്ത ഏലമ്പ്രയിലേക്ക് വിദ്യാർഥികൾ കുറവായ മഞ്ചേരി ടൗൺ ജി.എൽ.പി സ്കൂൾ മാറ്റി സ്ഥാപിക്കണമെന്ന് സി.പി.എം എലമ്പ്ര ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ. ഉബൈദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞുമുഹമ്മദ് പതാക ഉയർത്തി. കണ്ണത്ത് അപ്പു അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി മരുന്നൻ അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയായി മരുന്നൻ അഷ്റഫിനെ തെരഞ്ഞെടുത്തു. ലോക്കൽ സമ്മേളന പ്രതിനിധികളായി അഷ്റഫ് മരുന്നൻ, കണ്ണത്ത് അപ്പു, തൈതൊടി വിനയൻ എന്നിവരെ തെരഞ്ഞെടുത്തു. എം. മൂസാൻ കുട്ടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.