മഞ്ചേരി മെഡിക്കൽ കോളജിൽ നിയമനം കാത്ത് 11 തസ്തികകൾ
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ തുടങ്ങുന്നതിനായി 15 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും 11 തസ്തികയിൽ നിയമനം ആയില്ല. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളിൽ 80 ശതമാനം തസ്തികകളിലും നിയമനം പൂർത്തിയാക്കിയിട്ടും മഞ്ചേരിയിൽ മാത്രം നടപടികൾക്ക് വേഗമില്ല. നിയമന നടപടികൾ പൂർത്തികരിച്ചില്ലെങ്കിൽ മെഡിക്കൽ കോളജിന്‍റെ അംഗീകാരത്തെയും ബാധിക്കും. ആശുപത്രിയിലെ ഹെൽത്ത് സർവീസിന് കീഴിലുണ്ടായിരുന്ന 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതിന് ബദൽ നിയമനവും ആയിട്ടില്ല.
ആരോഗ്യ വിദ്യാഭ്യാസ നിലവാരം ഉയർത്താനും മികച്ച ചികിത്സ നൽകാനുമാണ് നാഷനൽ മെഡിക്കൽ കമ്മിഷൻ നിർദേശം അനുസരിച്ച് സംസ്ഥാനത്ത് 262 അധ്യാപക തസ്തികയും എട്ട് അനധ്യാപക തസ്തികയും സൃഷ്ടിച്ചത്. ഇതിൽ മഞ്ചേരിയിൽ ഡെർമറ്റോളജി പ്രഫസർ, എമർജൻസി മെഡിസിൽ അസോസിയേറ്റ് പ്രഫ, അസി. പ്രഫസർ, സീനിയർ റസിഡന്റ് രണ്ട്, ഫിസിക്കൽ മെഡിസിൻ അസി. പ്രഫസർ, സീനിയർ റസിഡന്റ്, കാർഡിയോളജിയിൽ പ്രഫ, അസോ.പ്രഫസർ,അസി.പ്രഫസർ, കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറിയിൽ അസോ.പ്രഫസർ, അസി. പ്രഫസർ, നെഫ്രോളജി, ന്യൂറോളജി, യൂറോജി വിഭാഗത്തിൽ ഓരോ അസി.പ്രഫസർ തസ്‌തികയാണ് സൃഷ്ടിച്ചത്ത്. ഇതിൽ കാർഡിയോളജി, ന്യൂറോളജി, എമർജൻസി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ എന്നിവയിൽ ഓരോ ഡോക്ടർമാർ നിയമനം തേടി. മറ്റ് 11 തസ്തിക നിയമനം കാത്തു കിടക്കുകയാണ്.
ആറു മാസം മുമ്പ് ആരോഗ്യ വകുപ്പിനു കീഴിൽ ശിശുരോഗ വിഭാഗം-രണ്ട്, ഇ.എൻ.ടി - രണ്ട് ഫിസിക്കൽ മെഡിസിൻ - രണ്ട്, ജനറൽ - രണ്ട് നെഞ്ച് രോഗ വിഭാഗം, ജനറൽ മെഡിസിൻ, നേത്ര രോഗം വിഭാഗം എന്നിവയിൽ ഓരോ ഡോക്ടർമാരെ മഞ്ചേരിയിൽ നിന്നും ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ജനറൽ ആശുപത്രിക്ക് കീഴിലെ ഡോക്ടർമാരെ കൂട്ടത്തോടെ മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് മറികടക്കാനാണ് അന്ന് സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.