മഞ്ചേരി ജില്ല കോടതി സമുച്ചയം നാളെ നാടിന് സമർപ്പിക്കും
text_fieldsമഞ്ചേരി: മഞ്ചേരിയിലെ കോടതികളെല്ലാം ഇനി ഒരു കുടക്കീഴിൽ. കച്ചേരിപ്പടിയിലെ ജില്ല കോടതി സമുച്ചയം ഞായറാഴ്ച നാടിന് സമർപ്പിക്കും. 14 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഏഴു നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി നിർവഹിക്കും.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡൻറ് ക്ലൈം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍, ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.സി-എസ്.ടി സ്പെഷല്‍ കോടതി, അഡീഷനല്‍ ജില്ല സെഷന്‍സ് കോടതികള്‍ തുടങ്ങി ഒമ്പത് കോടതികള്‍ ഈ സമുച്ചയത്തിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക.
കൊല്ലം ഇ.ജെ കണ്‍സ്ട്രക്ഷന്‍സാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. വൈദ്യുതീകരണം, ലിഫ്റ്റുകള്‍ എന്നിവ പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുതി വിഭാഗവും സജ്ജമാക്കി. ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കുള്ള പ്രത്യേക ലിഫ്റ്റ് അടക്കം മൂന്ന് ലിഫ്റ്റുകളാണ് കെട്ടിടത്തിലുള്ളത്.
ലീഗല്‍ സർവിസസ് അതോറിറ്റി ഓഫിസ്, നാജര്‍ ഓഫിസ്, റെക്കോര്‍ഡ് റൂമുകള്‍, ലൈബ്രറി, ബാര്‍ അസോസിയേഷന് ഹാള്‍, കോൺഫറന്‍സ് ഹാള്‍, വനിതാ അഭിഭാഷകര്‍ക്കുള്ള ഹാള്‍, വക്കീല്‍ ഗുമസ്തന്മാരുടെ ഹാള്‍ എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.
പുതിയ കെട്ടിട സമുച്ചയം പ്രവര്‍ത്തന സജ്ജമായി വിവിധ കെട്ടിടങ്ങളില്‍ അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ എത്തുന്നതോടെ അഭിഭാഷകർക്കും കക്ഷികൾക്കും ആശ്വാസമാകും.
2016 ഡിസംബര്‍ 22ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ചിദംബരേഷ് ശിലാസ്ഥാപനം നിര്‍വഹിച്ച കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി കോവിഡ് വ്യാപനം ഉണ്ടായതോടെ നിര്‍ത്തിവെച്ചതാണ് കാലതാമസത്തിനിടയാക്കിയത്.പിന്നീട് സാമ്പത്തിക പ്രതിസന്ധിയും തടസ്സം സൃഷ്ടിച്ചു. പിന്നീട് മൂന്ന് കോടി രൂപ കൂടി അനുവദിച്ചാണ് നിർമാണം പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.