മണിക്കൂറുകൾക്കുള്ളിൽ മൂന്നു ജീവൻ രക്ഷിച്ച് മഞ്ചേരി അഗ്നിരക്ഷ സേന
text_fieldsമഞ്ചേരി: വെള്ളിയാഴ്ച തിരക്കോട് തിരക്കായിരുന്നെങ്കിലും മൂന്നു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തിലാണ് മഞ്ചേരി അഗ്നിരക്ഷ സേന. ഒരു ദിവസംതന്നെ ഒരു യുവതിയെയും രണ്ടു പശുക്കളെയുമാണ് സേന കിണറ്റിൽനിന്ന് രക്ഷിച്ചത്.
രാവിലെ 10ന് അരീക്കോട് നടുക്കാവുങ്ങൽ ചൂരപ്ര സുകുമാരെൻറ പശു 40 അടി താഴ്ചയും 20 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടു എന്നതായിരുന്നു ലഭിച്ച ആദ്യ സന്ദേശം.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രദീപ്കുമാർ, ജംഷാദ് എന്നിവർ റെസ്ക്യൂ ബെൽറ്റ് ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പുറത്തെടുത്തു. ഉടമസ്ഥനെ ഏൽപിച്ച ശേഷം സ്റ്റേഷനിൽ തിരിച്ചെത്തി അൽപ സമയത്തിനുള്ളിൽ ആനക്കയം പാപ്പിനിപ്പാറയിലെ വട്ടപ്പൊന്തക്കൽ ഉണ്ണിയുടെ പശു തൊട്ടടുത്ത പറമ്പിലെ 20 അടി താഴ്ചയും അഞ്ച് അടി വെള്ളവുമുള്ള കിണറ്റിൽ വീണു എന്ന രണ്ടാമത്തെ വിളിയെത്തി. നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായ വി.യു. റുമേഷ് റെസ്ക്യൂ ബെൽറ്റ് ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ അതിനെയും പുറത്തെടുത്തു.
മഞ്ചേരി നഗരസഭയിലെ കരുവമ്പ്രത്ത് പുലാത്തോട്ടം സന്തോഷിെൻറ മകൾ ചിത്ര (24) അബദ്ധത്തിൽ കാൽ വഴുതി 43 അടി താഴ്ചയും 22 അടി വെള്ളവുമുള്ള വീട്ടുവളപ്പിലെ കിണറ്റിൽ വീണു എന്നതായിരുന്നു വൈകീട്ട് മൂന്നോടെ കിട്ടിയ സന്ദേശം. ഉടൻ സംഭവസ്ഥലത്തെത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജംഷാദ് റെസ്ക്യൂ നെറ്റും റോപ്പും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ സുരക്ഷിതമായി പുറത്തെടുത്ത് സേനയുടെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
മഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രദീപ് പാമ്പലത്തിെൻറ നേതൃത്വത്തിൽ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ (ഡ്രൈവർ) സി. ഷൈജു, ഹോംഗാഡുമാരായ ദിനു, ഉണ്ണികൃഷ്ണൻ, അബൂബക്കർ, സനു എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.