മഞ്ചേരി അഗ്നി രക്ഷാസേനക്ക് സ്വന്തം കെട്ടിടം
text_fieldsമഞ്ചേരി: അഗ്നിരക്ഷാ സേനക്ക് മഞ്ചേരി കരുവമ്പ്രത്ത് നിർമിക്കുന്ന സ്വന്തം ഓഫിസ് കെട്ടിടത്തിന്റെ പ്രവൃത്തി ജനുവരി ആദ്യവാരം തുടങ്ങും. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് നിർമിക്കുന്നത്. മൂന്ന് കോടി രൂപയുടെ പദ്ധതിയാണിത്. ഗ്രൗണ്ട് ഫ്ലോറും രണ്ട് നിലയും ഉൾപ്പെടുന്ന കെട്ടിടമാണ് രൂപ കൽപന ചെയ്തത്. ഇപ്പോൾ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് താഴത്തെ നിലയും ഒന്നാം നിലയും നിർമിക്കും. ഇതിലെ വൈദ്യുതീകരണ പ്രവൃത്തിയും പൂർത്തിയാക്കും. പിന്നീട് രണ്ടാം നിലയുടെ നിർമാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാനാണ് തീരുമാനം. രണ്ടാം നിലയുടെ നിർമാണത്തിനുള്ള തുക അനുവദിക്കാൻ കാത്തിരുന്നാൽ കാലതാമസം നേരിടുമെന്നതിനാലാണ് ഒന്നാംനില വരെയുള്ള പ്രവൃത്തി ഇപ്പോൾ തുടങ്ങുന്നത്. നിർമാണ പ്രവൃത്തി ആരംഭിക്കാൻ സ്ഥലത്തെ കാടുകൾ വെട്ടിത്തെളിയിച്ചു. വർഷങ്ങൾക്ക് മുമ്പ് പദ്ധതി തയാറാക്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. 2016 മുതൽ നഗരസഭയുടെ കച്ചേരിപ്പടി ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് അഗ്നിരക്ഷാ സേനയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം ഉയരുന്നതോടെ സ്ഥലപ പരിമിതികൾക്ക് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.