മഞ്ചേരി അഗ്നിരക്ഷ സേന; സ്വന്തം കെട്ടിടത്തിനായി ഇനിയും കാത്തിരിപ്പ്
text_fieldsമഞ്ചേരി: അഗ്നിരക്ഷ സേനക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ ഇനിയും കാത്തിരിപ്പ്. കരുവമ്പ്രത്ത് കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ അതിർത്തി പുനർനിർണയം സംബന്ധിച്ച് തീരുമാനമായില്ല. വ്യാഴാഴ്ച ജില്ല ഫയർ ഓഫിസർ, പൊതുമരാമത്ത്, റവന്യൂ, കോളജ് അധികൃതർ എന്നിവർ സ്ഥലം പരിശോധിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 50 സെൻറ് സ്ഥലം കെട്ടിടം നിർമിക്കാൻ രണ്ട് വർഷം മുമ്പ് സേനക്ക് ലഭിച്ചിരുന്നു. സ്ഥലത്തിെൻറ സ്കെച്ച് അനുസരിച്ച് രൂപരേഖ, ഡിസൈൻ എന്നിവ പൊതുമരാമത്ത് വകുപ്പ് തയാറാക്കി. മുൻഭാഗത്ത് ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി, മഴവെള്ള സംഭരണി എന്നിവ ഉൾെപ്പടെയാണ് രൂപരേഖ തയാറാക്കിയത്. രണ്ട് വർഷമെടുത്താണ് ഇത് പൂർത്തിയാക്കിയത്.
എന്നാൽ, വിട്ടുനൽകിയ സ്ഥലം സർവേ നടത്തി അഗ്നിരക്ഷ സേന ഏറ്റെടുത്തതിൽ മുൻഭാഗത്ത് പത്ത് മീറ്റർ കൂടുതൽ ഉൾപ്പെട്ടു. ഇതോടെ ഗവ. പോളിടെക്നിക് കോളജിെൻറ പ്രവേശനകവാടം വീതി കുറയാൻ ഇടയാക്കുമെന്ന് കോളജ് അധികൃതർ പറഞ്ഞു. കോളജിൻറെ ഭാവി വികസനത്തിന് ഇത് തടസ്സമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
അതിർത്തി പുനർനിർണയിച്ച് പുതിയ രൂപരേഖ തയാറാക്കേണ്ടി വന്നാൽ ഇനിയും വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരും. തിരുവനന്തപുരത്തെ പൊതുമരാമത്ത് ആർക്കിടെക്റ്റ് വിഭാഗമാണ് രൂപരേഖ തയാറാക്കുന്നത്. ഇവർക്ക് സംസ്ഥാനത്തെ മൊത്തം പ്ലാനുകൾ തയാറാക്കേണ്ടി വരുന്നതിനാൽ കാലതാമസം നേരിടും.
വർഷങ്ങളായി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിലാണ് ഓഫിസ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. കെട്ടിടസൗകര്യം ഇല്ലാത്തതിനാൽ ജീവനക്കാർക്കും വാഹനം നിർത്തിയിടാനും പ്രയാസം നേരിടുന്നുണ്ട്.
ജില്ല ഫയർ ഓഫസർ ടി. അനൂപ്, മഞ്ചേരി അസി. സ്റ്റേഷൻ ഓഫിസർ പ്രദീപ് പാമ്പലത്ത്, തഹസിൽദാർ ടി.എൻ. വിജയൻ, ഡെപ്യൂട്ടി തഹസിൽദാർ എം. മുകുന്ദൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം. ഷിനി, അസി. എൻജിനീയർ ജയൻ എന്നിവർ സംബന്ധിച്ചു.
ഏഴു പേർക്ക് കൂടി നിയമനം
മഞ്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം മഞ്ചേരി അഗ്നിരക്ഷ നിലയത്തിൽ ഏഴ് തസ്തിക കൂടി ലഭിച്ചു. മറ്റു ജില്ലകളിലെ സ്റ്റേഷനുകളിൽ അംഗബലം കൂടുതലുള്ള സ്റ്റേഷനുകളിൽ നിന്നാണ് ഏഴ് പേരെ കൂടി മഞ്ചേരിയിലേക്ക് നിയമിക്കുക. 12 പഞ്ചായത്തുകളും ഒരു നഗരസഭയും അടക്കം വലിയ ദൂരപരിധിയാണ് മഞ്ചേരി സ്റ്റേഷനുള്ളത്.
എന്നാൽ, ഇതുവരെ 16 ജീവനക്കാരും 10 ഹോം ഗാർഡുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പലപ്പോഴും രക്ഷാപ്രവർത്തനത്തിന് പ്രയാസം സൃഷ്ടിച്ചിരുന്നു. ഏഴുപേർ കൂടി എത്തുന്നതോടെ മൊത്തം അംഗബലം 33 ആകും. സ്റ്റേഷൻ ഓഫിസർ തസ്തിക ഇല്ല. അസി. സ്റ്റേഷൻ ഓഫിസർക്കാണ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.