മഞ്ചേരി മെഡിക്കൽ കോളജ്: സൂപ്പർ സ്പെഷാലിറ്റി ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കും –മന്ത്രി
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ഉൾപ്പെടെ ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും നിലവിലുള്ള റഫറൽ സംവിധാനം പരിശോധിക്കുമെന്നും മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളജിെൻറ വികസന പ്രവൃത്തികൾ അവലോകനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ആശുപത്രിയിലെ കാത്ത്ലാബ് സംവിധാനവും കാർഡിയോളജി വിഭാഗവും കൂടുതൽ കാര്യക്ഷമമാക്കും. ബജറ്റിൽ പ്രഖ്യാപിച്ച നഴ്സിങ് കോളജുകൾ മഞ്ചേരിയിലും പാരിപ്പള്ളിയിലും തുടങ്ങുന്നതിനായി ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആൺകുട്ടികളുടെ ഹോസ്റ്റൽ, അനധ്യാപക ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവ ഡിസംബർ 31നകം പൂർത്തിയാക്കാനാണ് നിർദേശം. ഇവിടെ വൈദ്യുതീകരണം മാത്രമാണ് ബാക്കിയുള്ളത്. അധ്യാപകരുടെ ക്വാർട്ടേഴ്സ്, പെൺകുട്ടികളുടെ ഹോസ്റ്റൽ എന്നിവ 2022 ജനുവരി 31ന് മുമ്പ് പൂർത്തിയാക്കണം. 2017ൽ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നാല് പ്രവൃത്തികൾ തുടങ്ങുന്നതിന് തിരുവനന്തപുരത്ത് യോഗം വിളിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും പങ്കെടുക്കും. 12 പ്രവൃത്തികളിൽ എട്ടെണ്ണം മാത്രമാണ് ആരംഭിച്ചത്. ഒ.പി ബ്ലോക്ക്, റേഡിയോളജി ആൻഡ് ലബോറട്ടറി കോംപ്ലക്സ്, സ്റ്റോർ കോംപ്ലക്സ് എന്നിവയാണ് ഇതുവരെയും തുടങ്ങാത്തത്. മെഡിക്കൽ കോളജിന് ഏഴ് ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി വേഗത്തിലാക്കും.
13 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ, യു.എ. ലത്തീഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർപേഴ്സൻ ബീന ജോസഫ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, കലക്ടർ ഇൻചാർജ് എൻ.എം. മെഹറലി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയൻറ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം. സബൂറ ബീഗം, വൈസ് പ്രിൻസിപ്പൽ ഡോ. സിറിയക് ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, മറ്റു വകുപ്പ് ഉേദ്യാഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.