ആടിയും പാടിയും കഥകൾ പറഞ്ഞും ആഘോഷമായി പഠനോത്സവം
text_fieldsമഞ്ചേരി: ആടിയും പാടിയും കഥകൾ പറഞ്ഞും അറിവിൻ്റെ ആഘോഷമായി പഠനോത്സവം. മഞ്ചേരി കരുവമ്പ്രം വെസ്റ്റ് ഗവ. എൽ പി സ്കൂളിലെ പഠനോൽസവവും പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. കഥകൾ പറഞ്ഞഭിനയിച്ചും കുട്ടികൾ തൽസമയം പാടിയ വരികൾ ചേർത്ത് കവിതകളുണ്ടാക്കിയും അനുഭവങ്ങൾ പങ്കുവെച്ചും അദ്ദേഹം ക്യാമ്പ് മികച്ച അനുഭവമാക്കി.
പഠനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ നടത്തിയ പ്രവർത്തനങ്ങളുടെയും നിർമിച്ചതും ശേഖരിച്ചതുമായ വസ്തുക്കളുടെയും പോസ്റ്ററുകളുടെയും പ്രദർശനവും സ്കൂളിൽ നടന്നു. "പഴശ്ശിരാജ" നാടകം ഉൾപ്പെടെ പാഠഭാഗങ്ങളെ ആസ്പദിച്ച് തയാറാക്കിയ വിവിധ കലാപരിപാടികളും നടന്നു. താളവാദ്യങ്ങളുടെ പ്രദർശനവും പ്രകടനവും ആകർഷകമായി. എഴുത്തുകാരനുമായി മുഖാമുഖം പരിപാടിയിൽ സാഹിത്യം, സിനിമ, കുട്ടിക്കാലം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾ എം. കുഞ്ഞാപ്പയുമായി സംവദിച്ചു. കുട്ടികളുണ്ടാക്കിയ കൈയെഴുത്തു മാസികകളുടെയും സ്പെഷൽ പതിപ്പുകളുടെയും പ്രകാശനവും നടന്നു.
മദർ പി.ടി.എ പ്രസിഡണ്ട് പി. സജ്ന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി. ഷിംന, പരിമളകുമാരി, പി. നിമ്യ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.എം. വത്സലകുമാരി സ്വാഗതവും സ്കൂൾ ലീഡർ കെ. രേവന്ത് നന്ദിയും പറഞ്ഞു. ടി.സി. ജൗഹറ, എ.എസ്. പ്രീത, പി. ശ്രീപ്രിയ, പി. ശാന്തി, കെ. ശ്രുതി, പി. ആനന്ദവല്ലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.