എന്നും ലീഗിനൊപ്പം നിന്ന മഞ്ചേരി
text_fieldsമഞ്ചേരി: മഞ്ചേരി നിയമസഭ മണ്ഡലത്തിന്റെ മനസ്സ് എന്നും മുസ്ലിം ലീഗിനൊപ്പമാണ്. ‘കോണി’യുമായി വരുന്നവരെയെല്ലാം നിയമസഭയിലേക്ക് പറഞ്ഞയച്ചതാണ് ചരിത്രം. 1967ൽ കോൺഗ്രസിൽനിന്ന് മുസ്ലിം ലീഗ് സീറ്റ് ഏറ്റെടുത്തത് മുതൽ മഞ്ചേരിക്കോട്ടയിൽ വിള്ളൽ വീണിട്ടില്ല. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് തുടങ്ങി ലീഗിലെ പ്രമുഖർ മഞ്ചേരിയെ പ്രതിനിധീകരിച്ച് സഭയിലെത്തി. മഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭ മണ്ഡലം. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് പഞ്ചായത്ത് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തതോടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലും ഐക്യജനാധിപത്യ മുന്നണിയാണ് ഭരണം നിയന്ത്രിക്കുന്നത്.
1957ലും 1960ലും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.പി. കോയയാണ് വിജയിച്ചത്. 1967ൽ മുസ്ലിം ലീഗിലെ എം. ചടയൻ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മണ്ഡലം ലീഗിനെ കൈവിട്ടിട്ടില്ല. 1977ൽ എം.പി.എം. അബ്ദുല്ല കുരിക്കൾ മഞ്ചേരിയിൽനിന്ന് വിജയിച്ചു. 1980ലും 1982ലും സി.എച്ച്. മുഹമ്മദ് കോയ മഞ്ചേരിയിൽനിന്ന് ‘കോണി’യേറി. സി.എച്ച്. മുഹമ്മദ് കോയയുടെ നിര്യാണത്തെ തുടർന്ന് 1984ൽ ഇസ്ഹാഖ് കുരിക്കൾ കന്നിവിജയം നേടി. 21809 വോട്ടിനായിരുന്നു വിജയം. പിന്നീട് ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ച് ഇസ്ഹാഖ് കുരിക്കൾ നിയമസഭയിലെത്തി. തുടർച്ചയായി അഞ്ച് തവണയാണ് അദ്ദേഹം വിജയിച്ചത്. 1987ലും 2001ലും ഭൂരിപക്ഷം 30,000 കടന്നു.
2001ൽ എം.പി.എം. ഇസ്ഹാഖ് കുരിക്കൾ 34,596 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡല ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷവുമിതാണ്. 2006ൽ പി.കെ. അബ്ദുറബ്ബും മഞ്ചേരിയെ പ്രതിനിധീകരിച്ച് എം.എൽ.എയായി. 2011ലും 2016ലും അഡ്വ. എം. ഉമ്മർ വിജയിച്ചു. 2011നുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഓരോ തവണയും ലീഗിന്റെ ഭൂരിപക്ഷം കുറയുകയാണ്. ഓരോ തവണയും എൽ.ഡി.എഫ് സ്ഥാനാർഥികൾ വോട്ട് വർധിപ്പിച്ച് കരുത്തുകാണിക്കുകയും ചെയ്തു. ആഞ്ഞുപിടിച്ചാൽ മണ്ഡലം കൂടെപ്പോരുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. എൽ.ഡി.എഫിനായി കഴിഞ്ഞ മൂന്ന് തവണയും സി.പി.ഐ സ്ഥാനാർഥികളാണ് കളത്തിലിറങ്ങിയത്.
2021ൽ മുസ്ലിം ലീഗിനായി അഡ്വ.യു.എ. ലത്തീഫ് 78,836 വോട്ടുകൾ നേടി. 14,573 വോട്ടുകളായിരുന്നു ഭൂരിപക്ഷം. എതിർസ്ഥാനാർഥി ഡിബോണ നാസർ 64,263 വോട്ടുകളും നേടി. 2011ൽ ഭൂരിപക്ഷം 29,079 വോട്ടായിരുന്നെങ്കിൽ 2016ൽ 19,616 ആയി കുറയുകയും ചെയ്തു. ബി.ജെ.പിക്ക് കാര്യമായ സ്വാധീനം മണ്ഡലത്തിലില്ല.
മലപ്പുറം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന മഞ്ചേരിയിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് പരമാവധി വോട്ടുറപ്പിക്കാനാണ് യു.ഡി.എഫ് പ്രവർത്തകരുടെ ശ്രമം. എന്നാൽ യുവത്വം നയിക്കട്ടെ എന്ന മുദ്രവാക്യവുമായി വി. വസീഫ് മഞ്ചേരി മണ്ഡലത്തിൽനിന്ന് മുൻവർഷത്തേക്കാൾ വോട്ടുകൾ നേടുമെന്ന് എൽ.ഡി.എഫും കണക്കൂകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.