മഞ്ചേരി മെഡിക്കൽ കോളജിൽ പ്രത്യേക ശ്മശാനം നിർമിക്കാൻ ടെൻഡറായി
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ പ്രത്യേക ശ്മശാനം (ബറിയൽ ഗ്രൗണ്ട്) നിർമിക്കുന്നു. വിദ്യാർഥികൾ പഠനത്തിനുപയോഗിക്കുന്ന മൃതശരീരഭാഗങ്ങൾ കാലാവധി കഴിഞ്ഞാൽ സംസ്കരിക്കാനാണ് ശ്മശാനം ഒരുക്കുന്നത്. ഒന്നര കോടി രൂപ ചെലവഴിച്ചാണ് നിർമാണം. അടുത്ത മാസം നിർമാണം തുടങ്ങുമെന്നും ടെൻഡർ നടപടികൾ പൂർത്തിയായതായും പ്രിൻസിപ്പൽ കെ.കെ. അനിൽ രാജ് പറഞ്ഞു. അക്കാദമിക് കെട്ടിടത്തിനു പുറകിലെ പത്ത് സെന്റ് ഭൂമിയിലാണ് ശ്മശാനം. ശരീര ഭാഗങ്ങൾ മണ്ണോടുചേർന്നു കഴിഞ്ഞാൽ അസ്ഥികൂടങ്ങൾ തിരിച്ചെടുത്ത് വീണ്ടും പഠനത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ ശാസ്ത്രീയമായാണ് സംസ്കരിക്കുക. നിലം കോൺക്രീറ്റ് ചെയ്താകും ശ്മശാനം പണിയുക. മൃതദേഹം അടക്കംചെയ്യാൻ പ്രത്യേക അറകൾ നിർമിക്കും. ഇതിൽ മണൽ നിറച്ച് അഴുകാനുള്ള രാസവസ്തുക്കളും മറ്റും ചേർത്ത് എല്ലുകൾ തിരിച്ചെടുക്കാൻ പാകത്തിൽ ശാസ്ത്രീയമായി അടക്കം ചെയ്യും. തെരുവുനായ്ക്കളും പക്ഷികളും കയറാതിരിക്കാൻ ചുറ്റുമതിലും മുകളിൽ ഇരുമ്പുവലയുമിട്ട് സുരക്ഷിതമാക്കും.
അനാട്ടമി വിഭാഗത്തിൽ പഠനത്തിനു ഉപയോഗിക്കുന്ന ശരീരഭാഗങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നിലവിൽ സംവിധാനമില്ല. എംബാം ചെയ്ത് സൂക്ഷിക്കുകയും അഴുകിയ ശരീരഭാഗങ്ങൾ കുഴിച്ചിടുകയുമാണ് ചെയ്യുന്നത്. നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശ പ്രകാരം ഓരോ വർഷവും നിശ്ചിത മൃതദേഹങ്ങൾ വിദ്യാർഥികളുടെ പഠനാവശ്യത്തിന് ലഭ്യമാക്കണം. നിലവിൽ പഠനത്തിനു ആവശ്യമായത്ര ശരീരഭാഗങ്ങൾ മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിൽ ഇല്ല. പലപ്പോഴും തൃശൂരിൽനിന്നും കോഴിക്കോട്ടുനിന്നും മൃതദേഹങ്ങൾ വരുത്തിയാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.