മെഡിക്കൽ കോളജ് ഭൂമി ഏറ്റെടുക്കൽ നടപടി സ്റ്റേ ചെയ്ത സംഭവം; വിശദാംശങ്ങൾ തേടി അഡ്വക്കറ്റ് ജനറൽ
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി ഹൈകോടതി സ്റ്റേ ചെയ്ത സംഭവത്തിൽ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ തേടി അഡ്വക്കറ്റ് ജനറൽ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടാണ് (ഡി.എം.ഇ) ഇക്കാര്യം ആവശ്യപ്പെട്ടത്. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകുന്നതിന്റെ ഭാഗമായാണിത്. ഭൂമി ഏറ്റെടുക്കലിനുള്ള സർക്കാർ പുറത്തിറക്കിയ വിജ്ഞാപന വിവരങ്ങൾ, ഇതിനനുവദിച്ച തുക, സാമൂഹികാഘാത പഠന റിപ്പോർട്ട്, മെഡിക്കൽ കോളജ് വികസനത്തിനായി വേട്ടേക്കോട് കണ്ടെത്തിയ ഭൂമിയുടെ വിവരങ്ങൾ, റവന്യൂ വകുപ്പ് നടപടികൾ തുടങ്ങിയ വിവരങ്ങളാണ് ഡി.എം.ഇയോട് തേടിയത്.
ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി വിശദറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. മെഡിക്കൽ കോളജ് ഹോസ്റ്റൽ സമുച്ചയങ്ങളോട് ചേർന്നുള്ള 2.81 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലിരിക്കെ കഴിഞ്ഞ ആഗസ്റ്റ് 23നാണ് ഹൈകോടതി നടപടി സ്റ്റേ ചെയ്തത്.
ഭൂവുടമകളായ കെ.സി. നന്ദിനി തമ്പാട്ടി, സാസിബ് പുതുശ്ശേരി, എ. അബ്ദുൽ മുനീർ എന്നിവർ നൽകിയ ഹരജിയിലായിരുന്നു നടപടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ടിൽ ഭൂമി ഏറ്റെടുക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രദേശത്ത് വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഏഴ് വീടുകൾ വെള്ളം കയറുമെന്നും വയൽ നികത്തി കെട്ടിടം നിർമിച്ചാൽ വെള്ളം കയറുമെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇത് ഭൂവുടമകൾ കോടതിയെ ബോധിപ്പിച്ചു. മെഡിക്കൽ കോളജ് വികസനത്തിന് വേട്ടേക്കോട് 50 ഏക്കർ ഭൂമി വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചിരുന്നു. യു.എ. ലത്തീഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി ഇക്കാര്യം കലക്ടറെ അറിയിച്ചതും കോടതിയുടെ ശ്രദ്ധയിൽപെടുത്തി. സാമൂഹികാഘാത പഠനറിപ്പോർട്ട് പരിഗണിച്ചില്ലെന്നും സൗജന്യനിരക്കിൽ ലഭിക്കുന്ന ഭൂമി ഏറ്റെടുക്കാതെ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണെന്നും വാദിച്ചാണ് ഉടമകൾ അനുകൂല വിധി നേടിയത്. ഭൂമി ഏറ്റെടുക്കാനായി മൂന്നുവർഷം മുമ്പ് 13.51 കോടി രൂപ അനുവദിച്ചിരുന്നു. അടുത്തവർഷം നടക്കുന്ന നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) പരിശോധനക്ക് മുന്നോടിയായി ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ശ്രമം. ഭൂമി ഏറ്റെടുക്കുന്നത് പ്രതിസന്ധിയിലായാൽ ആശുപത്രിയുടെ അംഗീകാരത്തെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.