മഞ്ചേരി മെഡിക്കൽ കോളജ് ഡോക്ടർമാരെ മാറ്റിയ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരെ വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു. ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്നാണിത്. ഹെൽത്ത് സർവിസ് വിഭാഗത്തിന് കീഴിലുള്ളവരെ മാത്രം വണ്ടൂരിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ മഞ്ചേരി യൂനിറ്റിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് സ്ഥലംമാറ്റ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചത്.
മൂന്ന് ഗൈനക്കോളജിസ്റ്റുകളെയും അനസ്തഷ്യോളജി വിഭാഗത്തിലെ രണ്ടുപേരെയും ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് എന്നിവയിലെ ഓരോരുത്തരെയുമാണ് വണ്ടൂരിലേക്ക് പുനർവിന്യസിച്ചത്. രണ്ടാഴ്ചത്തേക്കായിരുന്നു നിയമനം. എന്നാൽ, താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയവരിൽ ഭൂരിഭാഗം പേരും ഹെൽത്ത് സർവിസിൽ നിന്നുള്ളവരാണെന്നായിരുന്നു കെ.ജി.എം.ഒ.എയുടെ വാദം. ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. മെഡിക്കൽ കോളജിലെ ഒരു യൂനിറ്റ് മറ്റൊരിടത്ത് ആരംഭിക്കുമ്പോൾ അവരുടെ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എല്ലാവരെയും ഉൾപ്പെടുത്തി ഡ്യൂട്ടി പുനഃക്രമീകരിക്കണമെന്നും ഉന്നയിച്ചു.
മഞ്ചേരി മെഡിക്കൽ കോളജ് പൂർണമായി കോവിഡ് ചികിത്സ കേന്ദ്രമാക്കിയതോടെയാണ് വണ്ടൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ഇതര പ്രസവ ചികിത്സക്ക് സൗകര്യം ഒരുക്കിയത്. ജില്ല കലക്ടർ മെഡിക്കൽ കോളജിലെ ഡോക്ടർമാരെ താൽക്കാലികമായി മാറ്റാനും നിർദേശിച്ചു. എന്നാൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളവരെ മാറ്റാതെ ഹെൽത്ത് സർവിസിലുള്ള കൂടുതൽ പേരെ ഉൾപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. മെഡിക്കൽ കോളജിലെ ഡോക്ടർമാരെ മാറ്റിയാൽ പരീക്ഷ നടത്തിപ്പിനെ അടക്കം ബാധിക്കുമെന്നാണ് അധ്യാപക സംഘടനയുടെ നിലപാട്. ഏഴ് പേരിൽ നാലും ഹെൽത്ത് സർവിസിൽ നിന്നുള്ളവരാണ്. രണ്ടുപേർ ഡെപ്യൂട്ടേഷനിൽ ഹെൽത്ത് സർവിസിൽനിന്ന് മാറിയവരും ഒരാൾ സീനിയർ റസിഡൻറുമാണ്.
ശനിയാഴ്ച രാവിലെ 10ന് കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.